ആരോഗ്യമേഖലയിലടക്കം സൗദി അറേബ്യയുടെ നിക്ഷേപം ബംഗ്ലാദേശിലേക്കും

റിയാദ്: ഇന്ത്യയ്ക്കു പുറമെ ബംഗ്ലാദേശിലേക്കും സൗദി അറേബ്യയുടെ നിക്ഷേപം . ബംഗ്ലാദേശിലെ വിവിധ മേഖലകളില്‍ സൗദി അറേബ്യ നിക്ഷേപത്തിന് സജ്ജമായിക്കഴിഞ്ഞു.
അരാംകോ, അക്‌വ പവര്‍, അല്‍ഫനാര്‍ ഗ്രൂപ്പ്, എന്‍ജിനീയറിങ് ഡൈനന്‍ഷന്‍, റെഡ് സീ ഗേറ്റ് വേ ടെര്‍മിനല്‍, ദഅഇലിം കെ.എസ്.എ, അല്‍മരാഹ് ഗ്രൂപ്പ് തുടങ്ങി സൗദിയിലെ ഗവണ്‍മെന്റ്- സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളാണ് ബംഗ്ലാദേശില്‍ നിക്ഷേപത്തിന് തയ്യാറായിരിക്കുന്നത്.
ബംഗ്ലാദേശുമായി ഇതിനകം സൗദി അറേബ്യ കരാറില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു. ഓരോ കമ്പനികള്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ 2021 മാര്‍ച്ചിലോ, 2022 മാര്‍ച്ചിലോ ബംഗ്ലാദേശ് സ്വാതന്ത്ര്യദിന ചടങ്ങില്‍ ധാക്കയിലെത്തുമ്പോള്‍ കൂടുതല്‍ കരാറിലേര്‍പ്പെടും. ധാക്കയിലെ സൗദി അംബാസിഡര്‍ ഈസാ യൂസുഫ് ഈസ ഇല്‍ ദുലൈഹാനാണ് ഇരു രാജ്യങ്ങള്‍ക്കിടയില്‍ ബന്ധം ഊഷ്മളമാക്കാന്‍ സജീവമായി രംഗത്തുള്ളത്.
കോവിഡ് തുടങ്ങിയ ശേഷം ഇന്ത്യക്കാര്‍ക്ക് യാത്രാവിലക്കുള്ളപ്പോഴും ബംഗ്ലാദേശി പൗരന്മാര്‍ക്ക് യാത്രാവിലക്ക് എടുത്തു കളഞ്ഞതും ഇരു രാജ്യങ്ങളുടെയിടയില്‍ ബന്ധം കൂടുതല്‍ ദൃഢമാക്കി.
ബംഗ്ലാദേശില്‍ അരലക്ഷം കിടക്കകളുള്ള മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ ചൈന ആരംഭിച്ചതിന് പുറമെ തുര്‍ക്കിയും സൗദി അറേബ്യയും ആരോഗ്യമേഖലയില്‍ നിക്ഷേപിക്കുന്നുണ്ട്. തെജ്‌ഗോന്‍ വ്യവസായ മേഖലയിലാണ് സൗദി അറേബ്യ ആശുപത്രി സ്ഥാപിക്കുന്നതിനായി സ്ഥലം നോക്കുന്നത്.
നേരത്തെ റിലയന്‍സിലടക്കം ഇന്ത്യയിലെ നിരവധി കമ്പനികളില്‍ സൗദി നിക്ഷേപം വന്‍ തോതില്‍ എത്തിക്കഴിഞ്ഞു.