തലസ്ഥാനത്ത് വീണ്ടും ലഹരിമാഫിയയുടെ ആക്രമണം; വീട് അടിച്ചുതകര്‍ത്തശേഷം വീട്ടുകാരെ ആക്രമിച്ചു

തിരുവനന്തപുരം: ലഹരിമാഫിയ വീട് അടിച്ചുതകര്‍ത്തശേഷം വീട്ടുകാരെ ആക്രമിച്ചതായി പരാതി. കണ്ടല സ്റ്റേഡിയത്തിനു സമീപം റഹിമിന്റെ വീട്ടില്‍ ബുധനാഴ്ച ഉച്ചയോടെയാണ് ആക്രമണം നടന്നത്. വീട്ടുടമ റഹീം (40) ന് ആക്രമണത്തില്‍ പരിക്കേറ്റു. രണ്ട് ബൈക്കുകളില്‍ എത്തിയ നാലംഗ സംഘം വീടിന്റെ ഗേറ്റിന് മുന്നിലെത്തി വീട്ടില്‍ ആളുണ്ടോ എന്ന് ചോദിച്ച ശേഷം ഗേറ്റ് വെട്ടിപ്പൊളിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഗേറ്റ് വെട്ടിപ്പൊളിക്കുന്നതിന്റെ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോള്‍ ആയിരുന്നു റഹീമിനെ ആക്രമിച്ചത്. ശേഷം സംഘം വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ജനലും സ്‌കൂട്ടറും കണ്ണില്‍ കണ്ടതെല്ലാം ഈ സംഘം നശിപ്പിച്ചതായി റഹീം പരാതിപ്പെട്ടു.
ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി വീടിനുള്ളില്‍ സംഘം കയറിയത്. തടയാന്‍ ശ്രമിച്ച റഹീമിനെ ആക്രമിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ റഹീം ആശുപത്രിയില്‍ ചികിത്സ തേടി. അക്രമിസംഘത്തെ സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കണ്ടല സ്റ്റേഡിയം പരിസരത്ത് കഞ്ചാവ് ഉള്‍പ്പെടെ ലഹരിവസ്തുക്കളുടെ വില്‍പനയും ഉപയോഗവുമുണ്ടെന്ന് നേരത്തെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. കാപ്പ കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ച ആള്‍ ഉള്‍പ്പെടെ അക്രമി സംഘത്തിലുണ്ടായിരുന്നതായാണ് വിവരം. മാറനല്ലൂര്‍ പൊലീസ് സ്ഥലത്തെത്തി വീട്ടുകാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.