വിദേശത്തുനിന്ന് കേരളത്തിലെത്തുന്നവർക്ക് സൗജന്യ ആർടിപിസിആർ

തിരുവനന്തപുരം: വിദേശത്തുനിന്നെത്തുന്നവർക്ക് കേരളത്തിൽ സൗജന്യ ആർടിപിസിആർ പരിശോദന നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. രാജ്യത്തെ കോവിഡ് കേസുകളിൽ ഒരാഴ്ചകൊണ്ട് 31 ശതമാനം വർധനയുണ്ടായ പശ്ചാത്തലത്തിലാണിത്. സൗജന്യ പരിശോധന നടത്തി എത്രയും പെട്ടെന്ന് ഫലം എത്തിച്ചു നൽകുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കോവിഡ് വ്യാപനതോതിൽ വർധനയുണ്ടായതിനു പിന്നാലെ വിമാനത്താവളങ്ങളിൽ നിരീക്ഷണ ശക്തമാക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. വൈറസിന്‍റെ പുതിയ വകഭേദം വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വിദേശത്തുനിന്നെത്തുന്നവർക്ക് പരിശോധന കർശനമാക്കുകയുമുണ്ടായി. വിദേശത്തുനിന്ന് വരുന്നവർക്ക് സാമ്പത്തിക ചെലവുള്ള ഈ ചട്ടത്തിനെതിരേ പ്രവാസി ലോകത്തുനിന്ന് ശക്തമായ പ്രതിഷേധമുയർന്നിരുന്നു.

വിദേശത്തുനിന്ന് കുട്ടികളടക്കം ഇന്ത്യയിലേക്കെത്തുന്ന യാത്രക്കാർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇതുകൂടാതെയാണ് സ്വന്തം ചെലവിൽ നാട്ടിലെത്തിയുള്ള പരിശോധന. കൂടാതെ, 14 ദിവസത്തെ ക്വാറന്‍റീനും വേണം.

അതേസയം, കേരളത്തിന്‍റെ നിലപാട് ഏറെ പ്രവാസികൾക്ക് ആശ്വാസം പകരുന്നതാണ്.