അസ്ഥിശോഷണ രോഗം എങ്ങനെ തടയാം

അസ്ഥിക്ക് ബലം കുറയുന്ന അവസ്ഥയെയാണ് അസ്ഥിശോഷണ രോഗമെന്നത്

വിദേശ രാജ്യങ്ങളിലുള്ളവരില്‍ പ്രായമാകുമ്പോഴാണ് ഈ രോഗം കണ്ടുവരുന്നതെങ്കില്‍ ഇന്ത്യയില്‍ നല്ലൊരു ശതമാനം മധ്യവയസ്‌ക്കരാണ് ഇതിന്റെ ഇരകളാകുന്നത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ അസ്ഥിപൊട്ടല്‍ ഉള്‍പ്പെടെയുള്ള ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന രോഗമാണ് അസ്ഥിശോഷണം.

എന്താണ് അസ്ഥിശോഷണ രോഗം
അസ്ഥിക്ക് ബലം കുറയുന്ന അവസ്ഥയെയാണ് അസ്ഥിശോഷണ രോഗമെന്ന് പറയുന്നത്. അസ്ഥികളുടെ കനം കുറഞ്ഞ് നേര്‍ത്തതാകുമ്പോള്‍ അതിനോടനുബന്ധിച്ചുള്ള കോശങ്ങള്‍ക്ക് ക്ഷീണവും നാശവുമുണ്ടാകുന്ന രോഗാവസ്ഥയാണ് അസ്ഥിശോഷണ രോഗം (Osteoporosis). അസ്ഥി ദ്രവീകരണം, അസ്ഥിക്ഷയം എന്നീ പേരുകളിലും ഈ രോഗം അറിയപ്പെടുന്നു. പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്ന രോഗലക്ഷണങ്ങള്‍ ഇല്ല എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. പലരിലും എല്ലു പൊട്ടുന്ന അവസ്ഥയില്‍ എത്തിച്ചേരുമ്പോഴാണ് അസ്ഥിശോഷണ രോഗം കണ്ടുപിടിക്കപ്പെടുന്നത്. ശാരീരികമായി അസ്വസ്ഥതകള്‍ ഇല്ലാത്തവര്‍ക്കും ചെറിയ വീഴ്ചയില്‍ പോലും പെട്ടെന്ന് എല്ല് പൊട്ടുന്നു. ഇടുപ്പെല്ല്, നട്ടെല്ല്, കൈത്തണ്ട എന്നീ ഭാഗങ്ങളെയാണ് രോഗം പ്രധാനമായും ബാധിക്കുന്നത്.
സാധാരണയായി 25 വയസ്സു വരെയാണ് എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ച നടക്കുന്നത്. അതിനു മുമ്പേ തന്നെ എല്ലുകള്‍ക്ക് പൂര്‍ണ്ണ വളര്‍ച്ചയും ആരോഗ്യവും എത്തിയിരിക്കണം. ശരീരത്തില്‍ ആവശ്യത്തിന് കാത്സ്യവും വിറ്റാമിന്‍ ഡിയും ലഭിക്കാതെ വരുമ്പോള്‍ അസ്ഥികളില്‍ നിന്നും ഇത്തരം ലവണങ്ങള്‍ ശരീരം ആഗിരണം ചെയ്യാന്‍ തുടങ്ങും. ഇത് അസ്ഥി സാന്ദ്രത കുറയുന്നതിനും അതുവഴി അസ്ഥി ദ്രവീകരണം സംഭവിക്കുന്നതിനും ഇടയാകുന്നു.

രോഗസാധ്യത
പ്രായാധിക്യം ചെന്നവരിലാണ് അസ്ഥിശോഷണ രോഗം കൂടുതലായി കാണുന്നത്. ഇവര്‍ക്ക് ചെറിയ വീഴ്ചയില്‍ പോലും ഒടിവ് സംഭവിക്കുന്നു. പ്രത്യേകിച്ച് രോഗലക്ഷണങ്ങളൊന്നും തന്നെ കാണിക്കാത്തതിനാല്‍ അസ്ഥികളുടെ ബലം ക്ഷയിച്ച് ഒടിവ് സംഭവിക്കുമ്പോള്‍ മാത്രമാണ് രോഗത്തിന്റെ തീവ്രത മനസ്സിലാക്കുന്നത്. വിദേശ രാജ്യങ്ങളില്‍ 70-80 വയസ്സുള്ളവരില്‍ ഈ രോഗമുണ്ടാകുമ്പോള്‍ ഇന്ത്യയില്‍ 50-60 വയസ്സ് എത്തുമ്പോഴേക്കും നല്ലൊരു ശതമാനം പേരും അസ്ഥി ശോഷണ രോഗത്തിന്റെ പിടിയിലാകുന്നു. 2001 ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ 163 ദശലക്ഷം ആളുകള്‍ക്ക് അസ്ഥിക്ഷയമുണ്ട്.
30 വയസ്സിനു മുകളില്‍ പ്രായമുള്ളവരിലാണ് പൊതുവെ അസ്ഥികള്‍ക്ക് ബലക്കുറവ് അനുഭവപ്പെടുന്നത്. ഇന്ത്യയില്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് അസ്ഥിശോഷണ രോഗം കൂടുതലായി കണ്ടുവരുന്നത്. സ്ത്രീകളില്‍ ആര്‍ത്തവവിരാമം കഴിഞ്ഞവരിലും കണ്ടുവരുന്നു. അസ്ഥിയുടെ ആരോഗ്യം നിര്‍ണ്ണയിക്കുന്ന ബോണ്‍ മാസ്സ് 0.7 ശതമാനമാണ് അസ്ഥിക്ഷയം സംഭവിക്കുന്ന ഒരാളില്‍ കുറയുന്നത്. എന്നാല്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവ വിരാമ സമയം മുതല്‍ അടുത്ത പത്ത് വര്‍ഷം വരെ പ്രതിവര്‍ഷം 2-5 ശതമാനം വരെ ബോണ്‍ മാസ്സ് കുറയുന്നു. ആര്‍ത്തവ വിരാമത്തോടെ ശരീരത്തില്‍ ഈസ്ട്രജന്റെ ഉല്‍പ്പാദനം കുറയുന്നതാണ് അസ്ഥികള്‍ ക്ഷയിക്കുന്നതിന്റെ പ്രധാന കാരണം. ആര്‍ത്തവത്തില്‍ നീണ്ട ഇടവേളയുള്ളവര്‍ക്കും അണ്ഡാശയം നീക്കം ചെയ്തവര്‍ക്കും രോഗം വരാനുള്ള സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. മെലിഞ്ഞ ശരീര പ്രകൃതമുള്ളവരിലാണ് ഈ രോഗം കൂടുതല്‍ കണ്ടുവരുന്നത്. ആണുങ്ങളില്‍ പുരുഷ ഹോര്‍മോണ്‍ കുറവുള്ളവരിലും അസ്ഥിശോഷണമുണ്ടാകുന്നു.
പോഷണം കുറഞ്ഞ ഭക്ഷണം കഴിക്കുന്നവരിലും അസ്ഥിശോഷണം സംഭവിക്കുന്നു. അസ്ഥികളുടെ ആരോഗ്യത്തിന് കാത്സ്യം, വിറ്റാമിന്‍ ഡി എന്നിവയടങ്ങിയ ഭക്ഷണം അത്യന്താപേക്ഷിതമാണ്. പോഷണം കുറഞ്ഞ ഭക്ഷണരീതി കുട്ടികളെ ഭാവിയില്‍ അസ്ഥിക്ഷയ രോഗങ്ങളിലേക്ക് നയിച്ചേക്കാം. അസ്ഥികളുടെ ആരോഗ്യത്തിന് ഏറെ സഹായിക്കുന്ന വിറ്റാമിന്‍ ഡി സൂര്യപ്രകാശത്തില്‍ നിന്ന് ലഭിക്കാറുണ്ട്.

പാരമ്പര്യവും അസ്ഥിശോഷണ രോഗത്തിന് കാരണമാകാറുണ്ട്. കുടുംബത്തിലുള്ള ആര്‍ക്കെങ്കിലും ഈ രോഗത്തെത്തുടര്‍ന്ന് അസ്ഥിയൊടിവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അടുത്ത തലമുറയിലുള്ളവര്‍ക്കും രോഗസാധ്യതയുണ്ട്. ചില മരുന്നുകളുടെ ഉപയോഗവും അസ്ഥിശോഷണത്തിന് കാരണമാകുന്നു. സ്റ്റിറോയിഡ് അടങ്ങിയ മരുന്നുകളും കിഡ്‌നി രോഗത്തിന് ഉപയോഗിക്കുന്ന മരുന്നുകളുമാണ് ഇക്കൂട്ടത്തില്‍പ്പെടുന്നത്. മദ്യപാനം, പുകവലി തുടങ്ങിയ ശീലമുള്ളവര്‍ക്കും സാധ്യത കൂടുതലാണ്.

ചികിത്സ
ശരീരത്തിന് ആവശ്യത്തിന് കാത്സ്യവും വിറ്റാമിന്‍ ഡിയും ലഭ്യമാക്കുക. ഇലക്കറികള്‍, ചീര, പാല്‍, പാല്‍ക്കട്ടി, തൈര്, സോയാബീന്‍, ബദാം, ഈന്തപ്പഴം, മത്സ്യം, റാഗി, ഓറഞ്ച്, വെണ്ടക്ക, ബീന്‍സ്, കാബേജ് എന്നിവ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങളാണ്. മീന്‍ ഗുളിക, മത്സ്യം, കൂണ്‍, സോയ ഉല്‍പ്പന്നങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, മുട്ട, ഓറഞ്ച് എന്നിവ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങളാണ്.
ശരീരത്തില്‍ നിന്നും കാത്സ്യം ഉള്‍പ്പെടെയുള്ള ലവണങ്ങള്‍ നഷ്ടമാകുന്നത് തടയുന്നതിനുള്ള മരുന്നുകള്‍, അസ്ഥി സാന്ദ്രത വര്‍ധിപ്പിക്കുന്നതിനുള്ള മരുന്നുകള്‍ എന്നിവ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ഉപയോഗിക്കുക. അസ്ഥിയൊടിവും ചതവും വരാതിരിക്കാനുള്ള മുന്‍കരുതലുകളെടുക്കുക, കൃത്യസമയത്ത് ചികിത്സകള്‍ നടത്തുക, രോഗിക്ക് വേദന കുറയ്ക്കാന്‍ മരുന്നുകള്‍ നല്‍കുക തുടങ്ങിയവയാണ് അസ്ഥിശോഷണ രോഗത്തിന്റെ ഭാഗമായുള്ള ചികിത്സകള്‍.