ബ്രിട്ടന്‍ വികസിപ്പിച്ച ആസ്ത്രസെനിക കൊവിഡ് വാക്സിന് സൗദി അംഗീകാരം

റിയാദ്: ഒക്സ്ഫോഡ് സര്‍വ്വകലാശാലയുടെ സഹായത്തോടെ ബ്രിട്ടന്‍ വികസിപ്പിച്ച ആസ്ത്രസെനിക കൊവിഡ് വാക്സിന് സൗദി ഫുഡ്‌ ആന്‍ഡ് ഡ്രഗ് അതോറിറ്റി അംഗീകാരം നല്‍കി. ഇതോടെ സൗദിയില്‍ ആസ്ത്രസെനിക കൊവിഡ് വാക്സിന് എത്തിച്ച്‌ വിതരണം നടത്തും. വാക്സിന്‍ ഉപയോഗിക്കുന്നതിനും ഇറക്കുമതി അനുവദിക്കുന്നതിനുമായി ലഭിച്ച ഡാറ്റയെ അടിസ്ഥാനമാക്കി നടത്തിയ അടിസ്ഥാനത്തില്‍ കൃത്യമായ ശാസ്ത്രീയ രീതിശാസ്ത്രമനുസരിച്ച്‌ അതിന്റെ എല്ലാ വിശദാംശങ്ങളും അവലോകനം ചെയ്താണ് അംഗീകാരം നല്‍കിയതെന്ന് അതോറിറ്റി വ്യക്തമാക്കി.

സൗദി ആരോഗ്യ മന്ത്രാലയം ‘അസ്ട്രാസെനെക’ വാക്സിന്‍ അതിന്റെ മാനദണ്ഡങ്ങള്‍ക്കും ആവശ്യകതകള്‍ക്കും അനുസൃതമായി ഉപയോഗിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നും ഇറക്കുമതി ചെയ്യുന്ന ഓരോ സാമ്ബിളുകളും പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ മാസം 26 ന് ഇന്ത്യയില്‍ അസ്‌ത്രസെനിക കൊവിഡ് വാക്‌സിന്‍ നിര്‍മ്മിച്ച്‌ വിതരണം നടത്തുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അടാര്‍ പൂനവല്ല റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഒരാഴ്ച്ചക്കകം ഇന്ത്യയില്‍ നിന്നും ആസ്‌ത്രസെനിക വൈറസ് വാക്‌സിന് സൗദിയില്‍ എത്തിച്ചേരുമെന്നും 5.25 ഡോളര്‍ വീതമുള്ള മുപ്പത് ലക്ഷം ഡോസുകളാണ് സൗദിയില്‍ എത്തിക്കുകയെന്നും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, പിന്നീട് ഇത് സംബന്ധമായി യാതൊരു വിവരങ്ങളും ലഭ്യമായിരുന്നില്ല. ഇന്ത്യയില്‍ നിന്നും വാക്‌സിന്‍ സഊദിയില്‍ എത്തുന്നതോടെ നേരിട്ടുള്ള വിമാന സര്‍വീസിനും സാധ്യതയുണ്ടെന്നുമുള്ളതടക്കമുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു.

എന്നാല്‍, ഇപ്പോഴാണ് ഇതിന് സൗദി അംഗീകാരം നല്‍കുന്നത്.