കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് ജി.സി.സി രാജ്യങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നാഭിപ്രായം

കുവൈറ്റ് സിറ്റി: ജി.സി.സി രാജ്യങ്ങളില്‍ കോവിഡ് 19നെതിരേ വാക്‌സിന്‍ നല്‍കാനിരിക്കെ ജനങ്ങള്‍ക്കിടയില്‍ ആശങ്ക. കോവിഡ് വാക്‌സിന്റെ സുരക്ഷയെക്കുറിച്ചാണ് ജനങ്ങള്‍ക്ക് ആശങ്ക. മരുന്ന് സ്വീകരിച്ചാല്‍ പിന്നീട് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമോ എന്ന ഭീതിയാണ് പലരെയും ഇതില്‍ നിന്ന് അകറ്റുന്നത്.
ഇതു സംബന്ധിച്ച് കുവൈറ്റില്‍ നടത്തിയ അഭിപ്രായ സര്‍വെയില്‍ ഭൂരിഭാഗത്തിനും വാക്‌സിന്‍ സ്വീകരിക്കാന്‍ താല്പര്യമില്ല. അതേസമയം സൗദി അടക്കമുള്ള രാജ്യങ്ങളില്‍ വാക്‌സിന്‍ 16 കഴിഞ്ഞവര്‍ക്ക് മാത്രമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കുവൈറ്റില്‍ നടത്തിയ അഭിപ്രായ സര്‍വെയില്‍ വിവിധ പ്രായത്തിലുള്ള 10,000 പേരാണ് പങ്കെടുത്തത്. ഇതില്‍ 46 ശതമാനം പേര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ വിമുഖത അറിയിച്ചപ്പോള്‍ 39 ശതമാനം പേരും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുമെന്നും അറിയിച്ചു. വിഷയത്തില്‍ താത്പര്യമില്ലെന്നായിരുന്നു 15 ശതമാനത്തിന്റെ പ്രതികരണം.
അതേസമയം വാക്‌സിന്‍ പൂര്‍ണമായും സുരക്ഷിതമായിരിക്കുമെന്നും അത് ഉപയോഗിക്കുന്നതില്‍ വിമുഖത വേണ്ടെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. കര്‍ശനമായ ശാസ്ത്രീയ പരിശോധനകളും നീണ്ട പരീക്ഷണങ്ങളും നടത്തിയാണ് വാക്‌സിനുകള്‍ തയ്യാറാക്കുന്നതെന്നതിനാല്‍ ഇത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഡോക്ടര്‍മാര്‍ ജനങ്ങളെ അറിയിച്ചു.
അതേസമയം വിദേശികള്‍ക്കടക്കം സൗദിയും കുവൈറ്റും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
അതേസമയം ബ്രിട്ടന് പുറകെ ഫൈസര്‍ വാക്‌സിന് അനുമതി നല്‍കാനൊരുങ്ങി അമേരിക്കയും. ഫൈസര്‍ വാക്‌സിന് അടിയന്തിര അനുമതി നല്‍കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന് നിര്‍ദേശം നല്‍കി. രാജ്യത്തെ മുതിര്‍ന്ന ആരോഗ്യ വിദഗ്ദ്ധരാണ് നിര്‍ദേശം നല്‍കിയത്.ബ്രിട്ടന്‍, കാനഡ, ബഹ്റൈന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് നിലവില്‍ വാക്സിന് അനുമതി നല്‍കിയിരിക്കുന്നത്.