കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാൽ മാർക്കറ്റുകൾ അടച്ചുപൂട്ടില്ല

റിയാദ്: കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പൊതുസമൂഹം കർശനമായി പാലിക്കുന്നിടത്തോളം മാളുകളും മാർക്കറ്റും അടച്ചുപൂട്ടില്ലെന്ന് സൗദി വാണിജ്യമന്ത്രാലയം. വൈറസിനെതിരേയുള്ള നിയന്ത്രണ നടപടികൾക്കൊപ്പം സമൂഹം മുന്നോട്ടു പോകുകയാണെങ്കിൽ ഷോപ്പിങ് മാളുകളും മറ്റും തുറക്കുമെന്ന് വാണിജ്യ മന്ത്രാലയം വക്താവ് അബ്ദുൾ റഹ്മാൻ അൽ ഹുസൈൻ വ്യക്തമാക്കി.

370ലേറെ ഷോപ്പിങ് മാളുകളുടെയും മറ്റു വാണിജ്യ സ്ഥാപനങ്ങളുടെയും ഉടമകളുടെ യോഗം വിളിച്ചു ചേർത്തതായും അദ്ദേഹം പറഞ്ഞു. കോവിഡ് നിയന്ത്രണ ചട്ടങ്ങളെക്കുറിച്ച് ഇവരുമായി ചർച്ച നടത്തി.

മന്ത്രാലയത്തിന്‍റെ പ്രത്യേക സംഘം പരിശോധനകൾ തുടരുന്നുണ്ട്. രാജ്യത്തെമ്പാടുമായി ഇവർ 120000 റൗണ്ട് പര്യടനങ്ങൾ പൂർത്തിയാക്കിയതായും വാണിജ്യമന്ത്രാലയം. അതേസമയം, നിയമലംഘനങ്ങളുടെ
എണ്ണവും വർധിക്കുന്നതായി അൽ ഹുസൈൻ പറഞ്ഞു. മണിക്കൂറിൽ പത്തു കോവിഡ് നിയമലംഘനങ്ങൾ എന്ന തോതിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉപയോക്താക്കൾ അധികാരികളെ അറിയിക്കണമെന്നും അദ്ദേഹം.