സൗദിയില്‍ ഇനി ഡിജിറ്റല്‍ മാര്‍ക്കറ്റിന്റെ കാലം

 റിയാദ്: കോവിഡിനെത്തുടര്‍ന്ന് സൗദിയില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വര്‍ധിച്ചു. മൂന്നില്‍ ഒരു വിഭാഗം നിക്ഷേപകരും ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലൂടെ തങ്ങളുടെ ബിസിനസ് വര്‍ധിപ്പിച്ചുവെന്നും ഗോ ഡാഡി നടത്തിയ സര്‍വെയില്‍ കണ്ടെത്തി. 34 ശതമാനം ചെറുകിട വ്യാപാരികളും തങ്ങളുടെ ഉല്പന്നങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വില്‍പന വര്‍ധിപ്പിച്ചു. അതേസമയം ഓണ്‍ലൈന്‍ വ്യാപാരത്തിനായി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളുടെ എണ്ണവും വര്‍ധിച്ചു.

പുതുതായി രജിസ്റ്റര്‍ ചെയ്തത് 36447 ഇ-ഷോപ്പുകളാണ്. കോവിഡിനെത്തുടര്‍ന്ന് സൗദിയിലെ ആയിരക്കണക്കിന് റീട്ടെയില്‍ ഔട്ട്ലെറ്റുകളെ ഓണ്‍ലൈന്‍ വഴിയിലേക്ക് തിരിച്ചുവിട്ടത്. അതോടൊപ്പം ഡിജിറ്റല്‍ പെയ്മെന്റ് രീതികളിലേക്കും അവ മാറി. കൊവിഡ് വ്യാപനം രൂക്ഷമായ കഴിഞ്ഞ ഒന്‍പത് മാസത്തിനിടയില്‍ രാജ്യത്ത് 36,447 ഇ-ഷോപ്പുകളാണ് നിലവില്‍ വന്നതെന്ന് സൗദി വാണിജ്യമന്ത്രി മാജിദ് ബിന്‍ അബ്ദുല്ല അല്‍ ഖസബി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 171 ശതമാനം വളര്‍ച്ചയാണ് ഈ രംഗത്ത് ഉണ്ടായത്.
ഭക്ഷണ-പാനീയ സ്ഥാപനങ്ങളില്‍ പലതും തങ്ങളുടെ ഔട്ട്ലെറ്റുകള്‍ അടച്ചുപൂട്ടി ഹോംഡെലിവറി സംവിധാനത്തിലേക്കും ഡിജിറ്റല്‍ പെയ്മെന്റിലേക്കും തിരിഞ്ഞതായും അദ്ദേഹം പറഞ്ഞു.

ആഗോള ട്രന്‍ഡിനെത്തുടര്‍ന്ന് മിക്ക കമ്പനികളും തങ്ങളുടെ ബിസിനസ് മാര്‍ക്കറ്റിങ് ചെയ്യുന്നതിനായി ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് സ്ഥാപനങ്ങളെ സമീപിച്ചു കഴിഞ്ഞു. ഇ.ഷോപ്പിങ് വരും വര്‍ഷങ്ങളിലും വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, ഓണ്‍ലൈന്‍ ബിസിനസ് വര്‍ധിപ്പിക്കുന്നതിനായി സ്ഥാപനങ്ങള്‍ സമൂഹ മാധ്യമങ്ങളെയും ആശ്രയിച്ചുതുടങ്ങി.