മലയാളി സംഘടനകളോട്, പ്രോഗ്രാമുകള്‍ നടത്തരുത്; പിടിക്കപ്പെട്ടാല്‍ വന്‍ പിഴ കൊടുക്കേണ്ടിവരും

റിയാദ്: സൗദിയില്‍ കോവിഡ് സുരക്ഷാ പരിശോധന ശക്തം. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേര്‍ക്കാണ് മാസ്‌ക് ധരിക്കാത്തതിനും കോവിഡ് സുരക്ഷാമാനദണ്ഡം പാലിക്കാത്തതിനും പിഴ ലഭിച്ചത്. ആയിരം റിയാലാണ് പിഴ.
അതേസമയം ബത്ഹയിലടക്കം ചില മലയാളി സംഘടനകള്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് യോഗം യോഗങ്ങള്‍ നടത്തുന്നത് പതിവാക്കിയിരിക്കുകയാണ്. 50 മുതല്‍ 100 പേരെ പങ്കെടുപ്പിച്ചാണ് യോഗം. കൂട്ടംകൂടുന്നതിന്അനുമതിയില്ല. പിടിക്കപ്പെട്ടാല്‍ പരിപാടി നടത്തുന്ന ഹോട്ടല്‍ വന്‍ തുക കെട്ടിവെക്കേണ്ടിവരും.


സൗദിയില്‍ കോവിഡ് രണ്ടാംഘട്ടം ആരംഭിക്കുമെന്ന സൗദി ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തലിനെത്തുടര്‍ന്നാണ് പരിശോധന ശക്തമാക്കിയത്. അതേസമയം ഇന്നലെ ഉത്തര റിയാദില്‍ വിദേശ തൊഴിലാളികള്‍ കൂട്ടത്തോടെ കഴിയുന്ന ലേബര്‍ ക്യാമ്പുകളില്‍ നഗരസഭാ സംഘം പരിശോധന നടത്തി. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പുതിയ ആവിര്‍ഭാവ കേന്ദ്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ നോര്‍ത്ത് ബലദിയ പരിധിയിലെ ലേബര്‍ ക്യാമ്പുകളില്‍ നടത്തിയ പരിശോധയില്‍ നിരവധി ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. കൊറോണ വ്യാപനം തടയുന്ന മുന്‍കരുതല്‍ നടപടികള്‍ പാലിക്കാത്തതുമായി ബന്ധപ്പെട്ട ഏതാനും നിയമ ലംഘനങ്ങള്‍ പരിശോധനക്കിടെ കണ്ടെത്തി.


താമസ സ്ഥലങ്ങളില്‍ മതിയായ വായു സഞ്ചാരം ഇല്ലാതിരിക്കല്‍, ഭക്ഷ്യവസ്തുക്കള്‍ മോശം രീതിയില്‍ സൂക്ഷിക്കല്‍ എന്നിവ അടക്കമുള്ള നിയമ ലംഘനങ്ങളാണ് ലേബര്‍ ക്യാമ്പുകളില്‍ കണ്ടെത്തിയത്. ഉത്തര റിയാദിലെ ലേബര്‍ ക്യാമ്പുകളില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ് റിയാദ് നഗരസഭ പുറത്തുവിട്ടു.