സൗദിയിൽ റസ്റ്ററന്‍റുകളും കഫേകളും ഭക്ഷണം ഇരുത്തിക്കൊടുക്കാൻ പാടില്ല

റിയാദ്: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ എല്ലാ വിനോദപരിപാടികൾക്കും സ്വകാര്യചടങ്ങുകൾക്കും പത്തുദിവസത്തേക്കു വിലക്കേർപ്പെടുത്തി സൗദി അറേബ്യ. സൗദി ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച രാവിലെയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ഇന്നു രാത്രി 10 മണിയോടെ നിരോധനം നിലവിൽ വരും. പല രാജ്യങ്ങളിലുമുണ്ടായ പോലെ കോവിഡിന്‍റെ രണ്ടാംതരംഗം പ്രശ്നം സൃഷ്ടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് രാജ്യം കടുത്ത നിയന്ത്രണത്തിലേക്കു നീങ്ങുന്നത്. വേണ്ടിവന്നാൽ വിലക്ക് നീട്ടിയേക്കാനും സാധ്യത

  1. വിവാഹ ചടങ്ങുകൾ, കോർപ്പറേറ്റ് യോഗങ്ങൾ, ഹോട്ടലുകളിലും ഹാളുകളിലും നടത്തുന്ന വിരുന്നുകൾ, വിശ്രമമന്ദിരങ്ങളും മറ്റും വാടകയ്ക്കെടുത്തുള്ള ക്യാംപുകൾ തുടങ്ങി ‌എല്ലാ സ്വകാര്യ പരിപാടികൾക്കും 30 ദിവസത്തേക്കാണ് സമ്പൂർണ വിലക്ക്.

2. സാമൂഹിക പരിപാടികളിൽ 20 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടുള്ളതല്ല. പത്തു ദിവസത്തേക്കാണ് ഇപ്പോൾ നിയന്ത്രണമെങ്കിലും ഇത് നീട്ടിയേക്കും.

3. എല്ലാ വിനോദ പരിപാടികൾക്കും 10 ദിവസം കർശന വിലക്ക്

4. സിനിമാശാലകൾ, ഇൻഡോർ വിനോദ കേന്ദ്രങ്ങൾ, അടച്ചിട്ട ഇടങ്ങളിലെ കായിക വിനോദങ്ങൾ, ഷോപ്പിങ് മാളുകൾ, ജിം, സ്പോർട് സെന്‍ററുകൾ എന്നിവ 10 ദിവസം അടച്ചിടും

5. റസ്റ്ററുന്‍റുകളും കഫേകളും ഭക്ഷണം ഇരുത്തിക്കൊടുക്കാൻ പാടില്ല. അതേസമയം, പാർസൽ അനുവദിക്കും. ഇവിടങ്ങളിൽ ആളുകൾ കൂട്ടംകൂടാൻ പാടില്ല.

നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾ മുനിസിപ്പിൽ- ഗ്രാമകാര്യ മന്ത്രാലയം ഇടപെട്ട് 24 മണിക്കൂർ നേരത്തേക്ക് അടപ്പിക്കും. കോവിഡ് നിയമലംഘനം ആവർത്തിച്ചാൽ 48 മണിക്കൂറും വീണ്ടും ആവർത്തിച്ചാൽ ഒരാഴ്ചത്തേക്കും സ്ഥാപനം അടച്ചിടേണ്ടിവരും. മൂന്നാംതവണ ആവർത്തിച്ചാൽ രണ്ടാഴ്ചയും നാലാംതവണ ആവർത്തിച്ചാൽ ഒരു മാസത്തേക്കും അടച്ചുപൂട്ടും. മാത്രമല്ല, മുൻകൂട്ടി അറിയിക്കാത്ത തുക പിഴയായി നൽകേണ്ടിയും വരും.