കോവിഡ് രോഗം; 80 ശതമാനം പേര്‍ക്കും ചികിത്സ വേണ്ട, മൂര്‍ച്ഛിച്ചയാള്‍ക്ക് പൂര്‍ണ ആരോഗ്യത്തിലെത്താന്‍ ഒന്നര വര്‍ഷം എടുക്കും

കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ എല്ലാവരിലും ഉടലെടുക്കുന്ന പ്രധാന സംശയങ്ങളിലൊന്നാണ് രോഗം ബാധിച്ചയാള്‍ എത്ര നാള്‍ കൊണ്ട് പൂര്‍ണ്ണ ആരോഗ്യവാനാകും എന്നത്. വൈറസ് ഒരാളെ ബാധിച്ചിരിക്കുന്ന രീതിയിലാകും അയാളുടെ രോഗമുക്തിയുടെ കാലപരിധി. ചിലര്‍ക്ക് പെട്ടെന്ന് രോഗം ഭേദമാകും. മറ്റു ചിലര്‍ക്കാണേല്‍ ദീര്‍ഘ നാള്‍ എടുത്തേക്കാം. വൈറസ് ബാധയുണ്ടായി ഏഴ് മുതല്‍ പത്ത് ദിവസത്തിനുള്ളിലാണ് അവസ്ഥ ഗുരുതരമാകാന്‍ സാധ്യതയുള്ളത്. ശ്വാസകോശത്തില്‍ നീര്‍ക്കെട്ടുണ്ടായി ശ്വസനപ്രക്രിയ ബുദ്ധിമുട്ടേറിയതാകുന്നതാണ് അവസ്ഥ വഷളാകാന്‍ പ്രധാന കാരണം. രോഗം ബാധിച്ച ഇരുപതില്‍ ഒരാള്‍ക്ക് വീതം തീവ്രപരിചരണം വേണ്ടി വരുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. മയക്കിക്കിടത്തുന്നതും വെന്റിലേറ്റര്‍ സഹായം നല്‍കുന്നതും ചികിത്സയുടെ ഭാഗമാണ്.
ഐസിയു ചികിത്സയ്ക്ക് ശേഷം ചിലര്‍ക്ക് സാധാരണ നിലയിലെത്താന്‍ 12 മുതല്‍ 18 മാസം വരെ വേണമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. ചൈന, ഇറ്റലി എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചിലര്‍ക്ക് രോഗമുക്തിയ്ക്ക് മാസങ്ങള്‍ വേണ്ടി വന്നു. എന്നാല്‍ ചില രോഗികള്‍ക്ക് അക്യൂട്ട് റെസ്പിറേറ്ററി ഡിസ്‌ട്രെസ് സിന്‍ഡ്രോം എന്ന അവസ്ഥയുണ്ടാകുകയും ശ്വാസകോശത്തിന് തകരാര്‍ സംഭവിക്കുകയും ചെയ്യാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. പനി, ക്ഷീണം, വരണ്ട ചുമ, തൊണ്ടവേദന, ചില രോഗികൾക്ക് ദേഹം വേദനയും മൂക്കടപ്പും മൂക്കൊലിപ്പും വയറിളക്കവും വരെ വരാറുണ്ട്. ചിലർക്ക് വൈറസ് ബാധിച്ചാലും ലക്ഷണങ്ങളോ ശാരീരിക അസ്വസ്ഥതകളോ ഒന്നും തന്നെ പ്രകടമാകണമെന്നില്ല. പതിയെപ്പതിയെയാണ് ലക്ഷണങ്ങൾ ശക്തി പ്രാപിക്കുക. 80% പേരും പ്രത്യേക ചികിത്സയില്ലാതെ തന്നെ രോഗത്തിൽ നിന്ന് മുക്തി നേടും. കോവിഡ് 19 ബാധിക്കുന്ന ആറിൽ ഒരാളെന്ന കണക്കിനാണ് രോഗം ഗുരുതരമാവുന്നത്. അത്തരക്കാർക്ക് ശ്വാസതടസ്സം ഉണ്ടാകും. ഹൃദയസംബന്ധമായ രോഗം, പ്രമേഹം, രക്തസമ്മർദം തുടങ്ങിയവയുള്ളവരെയും വയോജനങ്ങളെയും രോഗം ഗുരുതരമായി ബാധിക്കും. ലക്ഷണങ്ങള്‍ ഉള്ളവര്‍ തീര്‍ച്ചയായും വൈദ്യ സഹായം തേടണം. വൈറസ് ബാധിച്ചവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മറ്റും വായിലൂടെയും മൂക്കിലൂടെയും പുറത്തെത്തുന്ന വൈറസ് നിറഞ്ഞ സ്രവത്തുള്ളികളിലൂടെയാണ് കോവിഡ് 19 മറ്റുള്ളവരിലേയ്ക്ക് പടരുന്നത്. ഈ തുള്ളികൾ രോഗിയുടെ ചുറ്റിലുമുള്ള വസ്തുക്കളിലും വിവിധ പ്രതലങ്ങളിലും പറ്റിപ്പിടിച്ചിരിക്കുകയും മറ്റൊരാള്‍ ഇത്തരം ഇടങ്ങളിൽ സ്പർശിച്ചതിനു ശേഷം കൈ കൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോഴാണ് വൈറസ് ശരീരത്തിലേയ്ക്ക് എത്തുന്നത്. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന സ്രവങ്ങൾ മറ്റൊരാൾ നേരിട്ടു ശ്വസിക്കുമ്പോഴും രോഗം പകരാം. ഇതിനാലാണ് രോഗബാധിതനായ ഒരാളില്‍ നിന്ന് കുറ‍ഞ്ഞത് ഒരു മീറ്ററെങ്കിലും ദൂരത്തില്‍ നില്‍ക്കണമെന്ന് പറയുന്നത്. വൈറസ് പടര്‍ന്നു പിടിക്കുന്ന മറ്റ് വഴികളെക്കുറിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഗവേഷണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.