സൗദിയില്‍ വ്യാജ പരാതി നല്‍കിയാല്‍ നടപടി; പരാതിക്കാരുടെ പേരുവിവരങ്ങള്‍ പരസ്യമാക്കും

റിയാദ്: സൗദിയില്‍ വ്യാജ പരാതി നല്‍കുന്നവര്‍ക്കെതിരേ നടപടിയുണ്ടാകും. ബിനാമി ബിസിനസ് സ്ഥാപനമാണെന്ന് കരുതിക്കൂട്ടി വ്യാജ പരാതികള്‍ നല്‍കുന്നത് പതിവായതോടെയാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
ബിസിനസുമായി ബന്ധപ്പെട്ട വ്യാജപരാതിക്ക് നിയമ നടപടികള്‍ സ്വീകരിക്കുന്നത് വാണിജ്യ മന്ത്രാലയമാണ്. വ്യാജ പരാതികള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്ന രീതി മന്ത്രാലയം അവസാനിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് വ്യാജ പരാതികള്‍ മൂലം കഷ്ടനഷ്ടങ്ങള്‍ നേരിടുന്നവര്‍ക്ക് തങ്ങളെ കുറിച്ച് വ്യാജ പരാതികള്‍ നല്‍കിയവര്‍ക്കെതിരെ ബന്ധപ്പെട്ട കോടതിയില്‍ നിയമ നടപടി സ്വീകരിക്കാന്‍ അവകാശമുണ്ടാകും.
എന്നാല്‍ ബിനാമി ബിസിനസ് സ്ഥാപനങ്ങളെയും മറ്റു വാണിജ്യ നിയമ ലംഘനങ്ങളെയും കുറിച്ച് ശരിയായ വിവരം അറിയിക്കുന്നവരുടെ പേരുവിവരങ്ങള്‍ വാണിജ്യ മന്ത്രാലയം രഹസ്യമായി സൂക്ഷിക്കും. പരാതികളില്‍ വാണിജ്യ മന്ത്രാലയം ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും കോടതി വിധി പുറത്തു വന്ന ശേഷം പരാതികള്‍ സ്വീകരിച്ച നടപടികള്‍ പരാതിക്കാരെ അറിയിക്കുകയും ചെയ്യും. മതിയായ തെളിവുകളില്ലാത്തതിനാല്‍ പരാതികളില്‍ തുടര്‍ നടപടികള്‍ ഉപേക്ഷിക്കുന്ന പക്ഷം അതേ കുറിച്ചും പരാതിക്കാരെ അറിയിക്കും. ബിനാമി ബിസിനസ് കേസില്‍ കുറ്റക്കാരാണെന്ന് സംശയിക്കപ്പെടുന്നവരുടെ വിദേശ യാത്രക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പബ്ലിക് പ്രോസിക്യൂഷന് അപേക്ഷ നല്‍കാന്‍ വാണിജ്യ മന്ത്രാലയത്തിന് അവകാശമുണ്ട്.
ബിനാമി ബിസിനസുകളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി വാണിജ്യ മന്ത്രാലയം പാരിതോഷികം കൈമാറും. ഒരേ നിയമ ലംഘനത്തെ കുറിച്ച് ഒന്നിലധികം പേര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍ പാരിതോഷിക തുക ഇവര്‍ക്കിടയില്‍ സമമായി വിതരണം ചെയ്യും. കോടതി വിധി പ്രകാരം നിയമ ലംഘകരില്‍ നിന്ന് പിഴ ഈടാക്കി കഴിഞ്ഞ ശേഷമാണ് ബിനാമി കേസുകളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം കൈമാറുക.