ഒടുവില്‍ 40 കോടി രൂപ നേടിയ മലയാളി ഭാഗ്യവാനെ കണ്ടെത്തി

അബുദാബി: മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ രണ്ടു കോടി ദിര്‍ഹത്തിന്റെ (40 കോടി രൂപ) ഗ്രാന്റ് പ്രൈസ് നേടിയ മലയാളിയെ കണ്ടെത്തി. 

കോഴിക്കോട് സ്വദേശിയായ അബ്ദുസലാം എന്‍.വി (28)യെ ഒമാനില്‍ നിന്നാണ് കണ്ടെത്തിയത്. മസ്‌കത്തില്‍ താമസിക്കുന്ന അബ്ദുസലാം അവിടെ ഷോപ്പിംഗ് സെന്റര്‍ നടത്തി വരികയായിരുന്നു.
ടിക്കറ്റെടുത്തപ്പോള്‍ രണ്ട് ഫോണ്‍ നമ്പറുകളാണ് അബ്ദുസലാം നല്‍കിയിരുന്നത്. എന്നാല്‍ ഈ നമ്പറുകള്‍ക്കൊപ്പം +968 എന്ന ഒമാന്‍ കോഡിനു പകരം ഇന്ത്യന്‍ ടെലിഫോണ്‍ കോഡ് +91 അദ്ദേഹം ശ്രദ്ധിക്കാതെ നല്‍കുകയായിരുന്നു.
അതിനാലാണ് ഞായറാഴ്ച ബിഗ് ടിക്കറ്റ് സംഘാടകര്‍ക്ക് സമ്മാനം നേടിയ വിവരം അബ്ദുസലാമിനെ ഫോണ്‍ വഴി അറിയിക്കാന്‍ കഴിയാതെ വന്നത്. ഫോണ്‍ വിളിക്കുമ്പോള്‍ ലഭ്യമാവുന്നില്ല എന്നറിയിച്ചുകൊണ്ട് മലയാളത്തിലുള്ള അറിയിപ്പും ലഭിച്ചതോടെ അബ്ദുസലാം നിലവില്‍ കേരളത്തില്‍ ആയിരിക്കുമെന്നും തെറ്റിദ്ധരിച്ചു.
ആളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ അബ്ദുസലാമിനെ ആര്‍ക്കെങ്കിലും പരിചയമുണ്ടെങ്കില്‍ ബിഗ് ടിക്കറ്റിലൂടെ ഏറ്റവും ഒടുവില്‍ കോടീശ്വരനായ വ്യക്തി അദ്ദേഹമാണെന്ന് അറിയിക്കണമെന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. 
തുടര്‍ന്ന് വിവരങ്ങളറിഞ്ഞ അബ്ദുസലാമിന്റെ സുഹൃത്തു വഴിയാണ് അദ്ദേഹം കോടീപതിയായ കാര്യം അറിഞ്ഞത്. ടിക്കറ്റ് എടുത്തപ്പോള്‍ ടെലിഫോണ്‍ കോഡ് മാറിപ്പോയ വിവരം ശ്രദ്ധിച്ചിരുന്നില്ലെന്നും സമ്മാനത്തിന് അര്‍ഹനായതില്‍ സന്തോഷിക്കുന്നുവെന്നും അബ്ദുസലാം ഖലീജ് ടൈംസിനോട് പ്രതികരിച്ചു.
അബ്ദുസലാം ആറ് വര്‍ഷത്തിലേറെയായി ഒമാനില്‍ താമസിക്കുന്നു. ഡിസംബര്‍ 29ന് ഓണ്‍ലൈനായാണ് 323601 എന്ന നമ്പറിലുള്ള ടിക്കറ്റ് അബ്ദുസലാം വാങ്ങിയത്. ഇത് നാലാമത്തെ തവണയാണ് താന്‍ ടിക്കറ്റെടുക്കുന്നതെന്നും എന്നാല്‍ ഇത്തവണ ഭാഗ്യം തുണച്ചുവെന്നും അബ്ദുസലാം പറഞ്ഞു.  
കുറച്ച് സുഹൃത്തുക്കളോടൊപ്പമായിരുന്നു ടിക്കറ്റെടുത്തത്. സമ്മാനത്തുക പങ്കുവയ്ക്കും. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്കായി സമൂഹ വിവാഹം നടത്താന്‍ ആഗ്രഹിക്കുന്നതായും അബ്ദുസലാം പറഞ്ഞു. 
കൂടാതെ, മൂന്നു മാസം പ്രായമുള്ള കുഞ്ഞ് അടക്കമുള്ള കുടുംബത്തിന്റെ ആവശ്യത്തിനും  പണം വിനിയോഗിക്കും. കുടുംബം തിരികെ മടങ്ങിയെത്തിയ ശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അബ്ദുസലാം വ്യക്തമാക്കി. 
മൂന്നു മാസം മുമ്പാണ് അബ്ദുസലാമിന് രണ്ടാമത് ഒരു കുഞ്ഞു കൂടി ജനിച്ചത്. കൊവിഡിനെ തുടര്‍ന്ന് ഗര്‍ഭിണിയായ ഭാര്യയെ നാട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു. കുടുംബം അടുത്ത ദിവസം തന്നെ മടങ്ങിയെത്താനിരിക്കെ ഈ ചെറുപ്പക്കാരന് ഇരട്ടി മധുരമായി മാറുകയാണ് ബിഗ് ടിക്കറ്റ് വിജയം.
അതേസമയം, സമ്മാനം നേടിയ അബ്ദുസ്സലാമെന്ന വ്യാജേന മറ്റു ചിലരുടെ ചിത്രങ്ങള്‍ ചേര്‍ത്ത് പ്രചരിപ്പിക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരെ നടപടിയുണ്ടാകുമെന്നാണ് കരുതുന്നത്.