സൗദിയില്‍ 60 ശതമാനം പേര്‍ക്കും വീടായി

റിയല്‍ എസ്റ്റേറ്റ്, നിര്‍മാണ മേഖലയില്‍ വന്‍ ഉണര്‍വ്

റിയാദ്: 2030നകം 70 ശതമാനം സൗദികള്‍ക്ക് സ്വന്തമായി വീട് നല്‍കണമെന്നായിരുന്നു സൗദി ഗവണ്‍മെന്റിന്റെ പദ്ധതി. എന്നാല്‍ 2020 ആയപ്പോഴേക്കും 60 ശതമാനം സൗദികള്‍ക്കും സ്വന്തം വീടെന്ന സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുകയാണ്.
സൗദിയില്‍ ഭവനരഹിതരായ 73000 സ്ത്രീകള്‍ക്ക് ഗവണ്‍മെന്റ് സഹായത്തോടെ വീട് ലഭിച്ചു. സൗദി റിയല്‍ എസ്റ്റേറ്റ് ഡവലപ്‌മെന്റ് ഫണ്ടില്‍ നിന്നു ഭവനവായ്പ അനുവദിച്ചതോടെയാണ് മുക്കാല്‍ ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് അനുഗ്രഹമായത്.
റിയല്‍ എസ്‌റ്റേറ്റ് ഡവലപ്‌മെന്റ് ഫണ്ട് സൗദിയിലെ ഭവനരഹിതര്‍ക്ക് വളരെ എളുപ്പത്തില്‍ വായ്പ ലഭിക്കുന്ന തരത്തില്‍ ഫണ്ടിന്റെ പ്രവര്‍ത്തനം സുതാര്യമാക്കിയിട്ടുണ്ടെന്ന് സൗദി റിയല്‍ എസ്റ്റേറ്റ് ഡവലപ്‌മെന്റ് ഫണ്ട് ജനറല്‍ സൂപ്പര്‍വൈസര്‍ മന്‍സൂര്‍ ബിന്‍ മാധി പറഞ്ഞു.
സൗദി വിഷന്‍ 2030 പ്രകാരം പൗരന്മാരില്‍ 70 ശതമാനം പേരും 2030നകം സ്വന്തമായി വീടുള്ളവരാകണമെന്നാണ്. ഗവണ്‍മെന്റ് പദ്ധതി ആരംഭിക്കുന്നതിനു മുമ്പ് സൗദി അറേബ്യയിലെ ജനങ്ങള്‍ക്കിടയില്‍ സ്വന്തമായി വീട് എന്ന സങ്കല്‍പ്പമില്ലായിരുന്നു. സമ്പന്നര്‍ മാത്രമേ വില്ലകള്‍ നിര്‍മിച്ചിരുന്നുള്ളൂ. സാധാരണക്കാര്‍ അധികവും വാടക ഫ്‌ളാറ്റുകളിലാണ് കഴിഞ്ഞിരുന്നത്.
സ്വന്തം വീട് എന്ന പദ്ധതി നടപ്പാക്കാനായി വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ ഏകീകരണം സാധ്യമാക്കി. വായ്പ ലഭ്യമാക്കാന്‍ സൗദിയല്‍ 37 ഓഫിസുകള്‍ തുറന്നു. കോവിഡ് ശക്തമായതോടെ അപേക്ഷ നല്‍കുന്നതിനായി ഇ- സര്‍വീസ് ആരംഭിച്ചു. ഓണ്‍ലൈന്‍ അപേക്ഷകര്‍ക്കും വളരെ പെട്ടെന്നു വായ്പ ലഭ്യമാക്കി.
സ്ത്രീകളടക്കം മൂന്നു ലക്ഷം പേര്‍ക്കാണ് 2020ല്‍ വായ്പ ലഭ്യമാക്കിയത്. ഗവണ്‍മെന്റ് ശിപാര്‍ശ ചെയ്യുന്നവര്‍ക്ക് അഞ്ചു ലക്ഷം റിയാലാണ് വിവിധ ബാങ്കുകള്‍ വഴി ഓരോ അപേക്ഷകര്‍ക്കും അനുവദിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കിയതോ നിര്‍മാണം നടക്കുന്നതോ ആയ വീടുകള്‍ റിയല്‍ എസ്‌റ്റേറ്റ് ഡവലപ്പേഴ്‌സില്‍ നിന്ന് ഇവര്‍ക്കു വാങ്ങാം. 79 പ്രോജക്റ്റുകളിലായി 131000 വീടുകളാണ് വളരെ വേഗത്തില്‍ പൂര്‍ത്തീകരിച്ചത്.