സൗദിയിൽ ഊർജത്തിനായി നിർമിതബുദ്ധി കേന്ദ്രം

റിയാദ്: ഊർജമേഖലയിൽ പ്രവർത്തിക്കാനുള്ള നിർമിത കേന്ദ്രം തുടങ്ങുന്നതിനുള്ള ധാരണാപത്രത്തിൽ സൗദി ഒപ്പുവച്ചു. സൗദി ഊർജമന്ത്രാലയവും സൗദി ഡാറ്റാ ആൻഡ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അഥോറിറ്റിയും (എസ്ഡിഎഐഎ) തമ്മിലാണ് കരാറിൽ ഒപ്പുവച്ചത്. അന്താരാഷ്ട്രതലത്തിൽ നിർമിതബുദ്ധി മേഖലയിൽ സൗദിയെ അടയാളപ്പെടുത്തുന്നതാണ് പദ്ധതി.

ഊർജ മന്ത്രി പ്രിൻസ് അബ്ദുൾ അസീസ് ബിൻ സൽ‌മാനും എസ്ഡിഎഐഎ മേധാവി ഡോ. അബ്ദുള്ള ബിൻ ഷറഫ് അൽ ഗംദിയുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ഊർജ, പ്രകൃതി വാതക മേഖലയിൽ ഡാറ്റയും നിർമിതബുദ്ധിയും പ്രയോജനപ്പെടുത്തിയുള്ള വികസനത്തിനായി ഭരണകൂടവും എസ്ഡിഎഐഎയും ഒരുമിച്ചു പ്രവർത്തിക്കുകയെന്നതാണ് ലക്ഷ്യംവയ്ക്കുന്നത്. നിർമിതബുദ്ധി മേഖലയിൽ ഗവേഷണത്തിനും വികസനത്തിനും സഹായകരമാകുന്നതാണ് പദ്ധതി.

രാജ്യത്തിന്‍റെ ഊർജ താത്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുക, അറിവിന്‍റെ മേഖല വിശാലമാക്കുന്നതിനായി എഐ വികസിപ്പിക്കുക, ഊർജ മേഖലയിൽ കൂടുതൽ പരിചയം നേടുക, രാജ്യത്തിന്‍റെ ഊർജസംബന്ധമായ തന്ത്രപ്രധാന പങ്കാളിത്തത്തിൽ എഐ കൂടുതൽ പ്രയോജനപ്പെടുത്തുക എന്നീ പ്രധാനപ്പെട്ട നാലു കാഴ്ചപ്പാടുകളാണ് പദ്ധതിക്കു പിന്നിൽ.