പാര്‍ട്ടികളിലും വിവാഹത്തിനും 10 പേര്‍ മാത്രം; സുരക്ഷ കര്‍ശനമാക്കി ദുബായ്

ദുബായില്‍ കോവിഡ്19 സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി.
വിവാഹം, മറ്റു കൂട്ടായ്മകള്‍, സ്വകാര്യ പാര്‍ട്ടികള്‍ തുടങ്ങിയവയില്‍ ഏറ്റവും അടുത്തബന്ധുക്കള്‍ മാത്രമേ പങ്കെടുക്കാവൂ. അനുവദനീയമായവരുടെ എണ്ണം കൂടിയത് 10 പേരാക്കിയതായി ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അറിയിച്ചു. വീടുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ ചടങ്ങുകള്‍ക്കും ഈ നിയമം ബാധകമാണ്.

മൂന്നു മീറ്റര്‍ അകലത്തില്‍ മാത്രമേ റസ്റ്ററന്റുകളില്‍ തീന്‍മേശകള്‍ ഒരുക്കാവൂ. നേരത്തെ ഇത് 2 മീറ്ററായിരുന്നു. ഒരു ടേബിളിന് ചുറ്റും ഇരിക്കാവുന്നവരുടെ എണ്ണവും 10ല്‍ നിന്ന് ഏഴാക്കി കുറച്ചു.

കാര്‍, പിക്കപ്പ്, ഡെലിവറി വാന്‍, 3 ടണ്‍ പിക്കപ്പ് ഡബിള്‍ കാബിന്‍ എന്നിവയില്‍ ഡ്രൈവറെ കൂടാതെ രണ്ടു പേര്‍ മാത്രമേ
സഞ്ചരിക്കാവൂ.
ഫിറ്റ്‌നസ് കേന്ദ്രങ്ങള്‍, ജിം എന്നിവിടങ്ങളിലും സുരക്ഷ കര്‍ശനമാക്കി. വ്യായാമത്തിന് ഉപയോഗിക്കുന്ന സാമഗ്രിയും
പരിശീലകനും തമ്മിലുള്ള സാമൂഹിക അകലം 2 മീറ്ററില്‍ നിന്ന് 3 മീറ്ററാക്കി വര്‍ധിപ്പിച്ചു.

ഇതിനകം അനുമതി നല്‍കിയ എല്ലാ സ്റ്റേജ് ഷോകളും ദുബായ് ടൂറിസം വിഭാഗം പിന്‍വലിച്ചു.
അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ഫെബ്രുവരി 19 വരെ ഒഴിവാക്കാന്‍ അധികൃതര്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി.
അതേസമയം, ഈജിപ്ഷ്യന്‍ താരം അമര്‍ ദിയാബ് പങ്കെടുക്കുന്ന ദുബായ് ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിലെ സ്റ്റേജ് പരിപാടിയും ദുബായ് ഓപറയിലെ എന്റികോ മാസ്യസിന്റെ പരിപാടിയും തീരുമാനിച്ച തിയതികളില്‍ തന്നെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുമെന്ന് ദുബായ് ടൂറിസം അറിയിച്ചു. ആളുകള്‍ തമ്മിലുള്ള സാമൂഹിക അകലം 4 ചതുരശ്ര മീറ്റര്‍ ആയിരിക്കും.