മാനവവിഭവശേഷി വകുപ്പ് ഇനി വിദ്യാഭ്യാസ മന്ത്രാലയം

ന്യൂഡൽഹി: കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ പേര് മാറ്റിക്കൊണ്ടുള്ള കേന്ദ്ര മന്ത്രി സഭാ തീരുമാനം പ്രാബല്യത്തിൽ. വിദ്യാഭ്യാസ മന്ത്രാലയം (മിനിസിട്രി ഓഫ് എജുക്കേഷൻ, ശിക്ഷാ മന്ത്രാലയ) എന്നാണ് മന്ത്രാലയത്തെ പുനർനാമകരണം ചെയ്തത്. തീരുമാനത്തിന് രാഷ്ട്രപതി അംഗീകാരം നൽകി. ഇത് സംബനിധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 14ന് പുറത്തിറക്കിയ ഗസറ്റ് വിഞ്ജാപനത്തിലാണ് മന്ത്രാലയത്തിന്റെ പേരുമാറ്റത്തെക്കുറിച്ച് വ്യക്തമാക്കുന്നത്. ഇതിനായുള്ള ഭരണഘടനാ ഭേദഗതിക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നൽകിയതായി അസാധാരണ ഗസറ്റിൽ വ്യക്തമാക്കുന്നു.

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പേരുമാറ്റിക്കൊണ്ടുള്ള തീരുമാനത്തിന് ജൂലൈ അവസാനം കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് (എൻഇപി) കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതും ജൂലൈ 29ന് തന്നെയായിരുന്നു. എൻഇപിയിലും മന്ത്രാലയത്തിന്റെ പേരുമാറ്റത്തിനായി നിർദേശമുണ്ടായിരുന്നു.

കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയെന്ന സ്ഥാനം ഇതോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെന്നായി മാറും. രമേശ് പൊക്രിയാലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി. ഓഗസ്റ്റ് ആദ്യവാരത്തോടെ രമേശ് പൊക്രിയാലിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ മാനവ വിഭവശേഷി മന്ത്രി എന്നതിന് പകരം വിദ്യാഭ്യാസ മന്ത്രി എന്ന് ചേർക്കാനാരംഭിച്ചിരുന്നു. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലും മിനിസ്ട്രി ഓഫ് എജുക്കേഷൻ എന്ന് മാറ്റിയിരുന്നു.