ആറാം ഭിന്നശേഷി സമ്മേളനം 2022 ജനുവരിയിൽ

റിയാദ്: ഭിന്നശേഷിയും പുനരധിവാസവുമായി ബന്ധപ്പെട്ട ആറാം അന്താരാഷ്‌ട്ര സമ്മേളനം 2022 ജനുവരി യിൽ സംഘടിപ്പിക്കാൻ തീരുമാനം. സൽമാൻ രാജാവിന്‍റെ പേരിലുള്ള ഡിസെബിലിറ്റി റിസർച്ച് പുരസ്കാരദാനവും അന്ന് നടക്കും. കിങ് സൽമാൻ സെന്‍റർ ഫോർ ഡിസെബിലിറ്റി റിസർച്ചാണ് ( കെഎസ്സിഡിആർ) ഇക്കാര്യം വാർത്താസമ്മേളനത്തിലൂടെ അറിയിച്ചത്. 26 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും പത്ത് പ്രാദേശിക, സ്വകാര്യ സംഘടനകളും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

സൽമാൻ രാജാവിൽനിന്ന് സെന്‍ററിന് പ്രത്യേക ശ്രദ്ധയും പരിരക്ഷയും കിട്ടുന്നുണ്ടെന്ന് സംഘടനയുടെ ചെയർമാനായ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. മുപ്പതു വർഷം പിന്നിട്ട കെഎസ് സിഡിആറിന്‍റെ സ്ഥാപകൻ കൂടിയായ സൽമാൻ രാജാവ് ഇതിന്‍റെ പ്രവർത്തനങ്ങളിൽ സദാ ജാഗരൂകനാണ്. ഭിന്നശേഷിക്കാരെ പരിഗണിക്കുന്നതിലും ശാക്തീകരിക്കുന്നതിലും സൗദി അറേബ്യ വളരെ മുന്നിലാണെന്നും ഈ മേഖലയിൽ ശാസ്ത്രീയ ഗവേഷണങ്ങൾക്ക് സർവപിന്തുണയും നൽകുന്നുണ്ടെന്നും ബിൻ സൽമാൻ പറഞ്ഞു. ഡിസെബിലിറ്റി റിസർച്ച് പുരസ്കാരത്തിനുള്ള നോമിനേഷൻ തുടങ്ങിയതായി അദ്ദേഹം പ്രഖ്യാപിച്ചു.

ശാസ്ത്രം മനുഷ്യന് ഗുണം ചെയ്യുന്നുവെന്നതാണ് സംഘടനയുടെ ആപ്തവാക്ക്യമെന്നും ഇത് സൽമാൻ രാജാവിന്‍റെ സന്ദേശം കൂടിയാണെന്നും ആറാം സമ്മേളനത്തിന്‍റെ ചെയർമാൻ കൂടിയായ ഡോ. ഒല അബു സുകാർ പറഞ്ഞു.