ചരിത്രത്തിലേക്കൊരു സുന്ദരനിമിഷം!

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമാദ് അൽഥാനിയെ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ നേരിട്ടെത്തി സ്വീകരിക്കുന്നു.

റിയാദ്: ഉപരോധത്തെത്തുടർന്ന് മൂന്നരവർഷം നീണ്ട ഇടവേളയ്ക്കു ശേഷം ചരിത്രം സൃഷ്ടിച്ചു ഖത്തർ അമീർ സൗദിയിൽ വന്നിറങ്ങിയപ്പോൾ ഗൾഫ് മേഖലയ്ക്കിത് പ്രതീക്ഷയുടെയും ആശ്വാസത്തിന്‍റെയും സുന്ദരനിമിഷം. വടക്കൻ സൗദിയിലെ അൽഉലയിൽ നടക്കുന്ന 41ാമത് ഗൾഫ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ അമീർ ഷെയ്ഖ് തമീം ബിൻ ഹമാദ് അൽഥാനിയെ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു. ഹസ്തദാനത്തിനു പിന്നാലെ ഇരു രാഷ്ട്രത്തലവൻമാരും ആലിംഗനം ചെയ്തതോടെ ഗൾഫ് രാഷ്ട്രങ്ങൾക്കു മേൽ മൂന്നരവർഷം നിലനിന്ന അനിശ്ചിതത്വങ്ങൾക്ക് വിരമാം.
ഖത്തറിനു മേൽ അപ്രതീക്ഷിതമായി 2017 ജൂണിലാണ് സൗദി ഉപരോധമേർപ്പെടുത്തുന്നത്. യുഎഇ, ബഹ്റൈൻ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളും സൗദിക്കൊപ്പം ചേർന്നു. തുടർന്നു നടന്ന ഗൾഫ് ഉച്ചകോടികളിലോ ഗൾഫ് സഹകരണ കൗൺസിൽ സമ്മേളനങ്ങളിലോ ഖത്തർ അമീർ പങ്കെടുത്തിരുന്നില്ല. എന്നാൽ 41ാമത് ഉച്ചകോടിക്കു മുന്നോടിയായി തിങ്കളാഴ്ച വൈകിട്ട് സൗദിക്കും ഖത്തറിനുമിടയിലെ കര, നാവിക, വ്യോമ അതിർത്തികൾ തുറന്നതിനു പിന്നാലെയാണ് അൽഥാനിയുടെ സൗദി സന്ദർശനം. ഇന്ന് ഉച്ചയ്ക്ക് 12നാണ് അൽഉലയിലെ അബ്ദുൾ മജീദ് ബിൻ അബ്ദുൾ അസീസ് വിമാനത്താവളത്തിൽ ഖത്തർ ഷെയ്ഖ് എത്തിയത്. യുഎഇ വൈസ് പ്രസിഡന്‍റ് മുഹമ്മദ് ബിൻ റാഷിദ് അൽമഖ്തൂം, കുവൈറ്റ് അമീർ ശൈഖ് നവാഫ് അൽഅഹമ്മദ് അൽസാബാഹ്, ബഹ്റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽഖലീഫ, ഒമാൻ ക്യാബിനറ്റ് കാര്യ ഉപപ്രധാനമന്ത്രി ഫഹദ് ബൻ മഹമ്മൂദ് അൽസാഈദ് തുടങ്ങിയവരും ഗൾഫ് ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
അന്തരിച്ച കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് പ്രതിസന്ധി മറികടക്കാനായി കാര്യമായ ഇടപെടലുകൾ നടത്തിയിരുന്നു.