ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ കാലാവധി നീട്ടി

കൊറോണ വ്യാപനത്തെ തുടര്‍ന്ന് പ്രവാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കിയ ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ കാലാവധി 2021 ജനുവരി 31 വരെ നീട്ടിയതായി റിപ്പോര്‍ട്ട്. ഡിസംബര്‍ 31 വരെയായിരുന്ന കരാറാണ് ജനുവരി 31 വരെ നീട്ടിയിരിക്കുന്നത്. ഇത്തവണ ട്രാന്‍സിറ്റ് യാത്രയും അനുവദിച്ചിട്ടുണ്ട്. സൗത്ത് അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലുള്ള ഇന്ത്യക്കാര്‍ക്ക് ഖത്തര്‍ വഴി ഇന്ത്യയിലെത്താന്‍ സാധിക്കും. നേപ്പാള്‍, ഭൂട്ടാന്‍ പൗരന്മാര്‍ക്കും ഇന്ത്യ-ഖത്തര്‍ എയര്‍ബബിള്‍ സൗകര്യം പ്രയോജനപ്പെടുത്താമെന്നും ഇന്ത്യന്‍ എംബസി അറിയിക്കുകയുണ്ടായി.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ജൂലൈ 18 മുതലാണ് ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ക്കുള്ള കരാര്‍ പ്രാബല്യത്തിലായത്. കേന്ദ്ര വ്യോമയാന മന്ത്രാലയവും ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും തമ്മിലാണ് കരാര്‍ ഏര്‍പ്പെടുത്തിയത്. എയര്‍ ബബിള്‍ പ്രകാരം ഖത്തര്‍ എയര്‍വേയ്സ്, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ വിമാനങ്ങളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്.

അതോടൊപ്പം തന്നെ ഖത്തറില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാര്‍, ഖത്തരി പാസ്‌പോര്‍ട്ടുള്ള ഒസിഐ കാര്‍ഡ് ഉടമകള്‍, നയതന്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വീസയുള്ള ഖത്തരി പൗരന്മാര്‍ എന്നിവര്‍ക്കാണ് ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രാനുമതി നല്‍കിയിട്ടുള്ളത്. ഖത്തരി പൗരന്മാര്‍, ഖത്തര്‍ ഐഡിയുള്ള ഇന്ത്യക്കാര്‍ എന്നിവര്‍ക്കാണ് ഇന്ത്യയില്‍ നിന്നും ഖത്തറിലേക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഖത്തര്‍ പ്രവാസികള്‍ക്ക് ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള യാത്രയ്ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ എക്സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.