വൈറസ് വകഭേദം; ഒമാനിൽ ആദ്യ കേസ് സ്ഥിരീകരിച്ചു

ദുബായ്: ബ്രിട്ടനിൽനിന്നു പടർന്ന രോഗവ്യാപന ശേഷി കൂടിയ കൊറോണ വൈറസ് ഒമാനിൽ ആദ്യമായി സ്ഥിരീകരിച്ചു. ബ്രിട്ടനിൽനിന്നെത്തിയ വ്യക്തിയിലാണ് വൈറസ് സ്ഥിരീകരിച്ചത്. ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് രോഗിയെ ക്വാറന്‍റീനിൽ പ്രവേശിപ്പിച്ചു. യാത്ര തുടങ്ങും മുൻപ് ഇയാളുടെ കോവിഡ് പരിശോധനയിൽ നെഗറ്റീവായിരുന്നുവെന്ന് ഒമാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
വൈറസ് വകഭേദം ലോകത്ത് റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ഒരാഴ്ചയോളം ഒമാൻ കര, നാവിക, വ്യോമ അതിർത്തികൾ അടച്ചിരുന്നു. ഡിസംബർ 29നാണ് വീണ്ടും അതിർത്തികൾ തുറന്നത്. ഒമാനിലെ ഏത് വിമാനത്താവളത്തിലെത്തുന്നവർക്കും കോവിഡ് -19 നെഗറ്റീവ് പരിശോധനാഫലം നിർബന്ധമാണ്.