റിയാദ്: വിദേശ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് പ്രവേശന വിലക്ക് മാറ്റി. ഇനി ജനിതകമാറ്റം സംഭവിച്ച കോവിഡ് പ്രചരിച്ച രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. അല്ലാത്ത രാജ്യങ്ങളിലുള്ളവര്‍ക്കും പി.സി.ആര് ടെസ്റ്റ് നിര്‍ബന്ധമാക്കി.
ഞായറാഴ്ച രാവിലെ 11 മുതല്‍ രാജ്യത്തേക്കുള്ള കര, കടല്‍ അതിര്‍ത്തികള്‍ ഉള്‍പ്പെടെ തുറന്നു. വിവിധ രാജ്യങ്ങളില്‍ കോവിഡിന്റെ ജനിതകമാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍ രണ്ടാഴ്ച മുമ്പാണ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സൗദിയിലേക്കുള്ള എല്ലാ പ്രവേശന മാര്‍ഗങ്ങളും അടച്ചിരുന്നത്. സൗദിയില്‍ ഇതുവരെ പുതിയ വൈറസ് കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് മുതല്‍ വിദേശികള്‍ക്കും സ്വദേശികള്‍ക്കും രാജ്യത്തേക്ക് മടങ്ങാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍, പുതിയ കോവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍നിന്നും വരുന്നവര്‍ രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ സൗദിക്ക് പുറത്തുള്ള മറ്റേതെങ്കിലും രാജ്യങ്ങളില്‍ 14 ദിവസത്തെ ക്വാറന്റീന് പൂര്‍ത്തിയാക്കണം. തുടര്‍ന്ന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ രാജ്യത്ത് പ്രവേശിക്കാനാവൂ.
പുതിയ കോവിഡ് വൈറസ് കണ്ടെത്താത്ത രാജ്യങ്ങളില്‍നിന്നും വരുന്നവര്‍ക്ക് നേരത്തെ രാജ്യത്ത് നിലവിലുണ്ടായിരുന്ന നടപടിക്രമങ്ങള്‍ തന്നെ തുടരും. അവര്‍ സൗദിയിലെത്തി ഏഴ് ദിവസം ക്വാറന്റീനില്‍ തുടരുകയോ മൂന്ന് ദിവസത്തിന് ശേഷം പി.സി.ആര് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് ഉറപ്പു വരുത്തുകയോ വേണം.
ഇന്ത്യയില്‍നിന്നും നേരിട്ടുള്ള വിമാന സര്‍വിസുകള്‍ക്ക് നേരത്തെയുണ്ടായിരുന്ന വിലക്കിനെസംബന്ധിച്ച അവ്യക്തത തുടരുകയാണ്. എന്നാല്‍, മറ്റു രാജ്യങ്ങളില്‍ 14 ദിവസം താമസിച്ച് വരുന്ന ഇന്ത്യക്കാര്‍ക്ക് സൗദിയില്‍ പ്രവേശിക്കാം. ദുബായിലും മറ്റുമായി കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇതോടെ സൗദിയില്‍ എത്താനുള്ള വഴിതുറക്കും.