യുഎഇയിൽ ചൂണ്ടയിടൽ കാലം!

അബുദാബി: തണുപ്പുകാലമെത്തുകയും കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ നിലനിൽക്കുകയും ചെയ്യുമ്പോൾ വിരസതയകറ്റാൻ എന്തുണ്ട് വഴി. യുഎഇക്കാർക്ക് ഇത് ചൂണ്ടയിടൽ കാലമാണ്. പൊതുവെ തണുപ്പുകാലത്ത് മീൻപിടിത്തത്തിന് ആളുകൾ ഇറങ്ങാറുണ്ടെങ്കിലും ഇത്തവണ സാമൂഹിക അകലം പോലെയുള്ള കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ ഉള്ളതിനാൽ തിരക്കിൽപ്പെടാതെ ചൂണ്ടയിടാനെത്തുന്നവരുടെ തിരക്കേറുകയാണ്. അവധി ദിനങ്ങളിൽ അബുദാബി നഗരത്തിന്‍റ പല ഭാഗങ്ങളിലും രാവിലെ മുതൽ മീൻപിടിക്കാനെത്തുന്നവരുടെ തിരക്കാണ്. മീന, മറീന, ഹമീം, യാസ്, മഖ്ത, മുസഫ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ചൂണ്ടയിടാൻ അനുവദിക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്.

കുടുംബസമേതം ചൂണ്ടയിടാനെത്തുന്നവരും നിരവധി. സ്വന്തം വാഹനങ്ങളിൽ ഭക്ഷണങ്ങളുമായെത്തുകയും ബാർബ്യൂക്യു സംവിധനങ്ങൾ ഉപയോഗിച്ച് പാചകം ചെയ്യുകയും ചെയ്യുന്നവരുണ്ട്. അപ്പപ്പോൾ പിടിക്കുന്ന മീനുകളും പാചകത്തിനായി ഉപയോഗിക്കുന്നു.

മീൻ പിടിക്കാനെത്തുന്നവരിൽ മലയാളികൾ നിരവധിയുണ്ടെങ്കിലും ഒട്ടും പിറകില്ലല്ല ഫിലിപ്പീൻസ് സ്വദേശികൾ. അവരുടെയും തീൻമേശയിലെ ഇഷ്ടവിഭവങ്ങളിലൊന്നാണ് മീൻ. അറബികളുടെയും പ്രധാന വിനോദങ്ങളിൽ ഒന്നാണ് ചൂണ്ടയിടൽ. കനാലുകളുടെ കരയിൽ വാഹനങ്ങൾ ചേർത്തുനിർത്തി മറയുണ്ടാക്കി ഇതിനുള്ളിൽതന്നെ പാചകം ചെയ്തു കഴിക്കുന്നു. മീൻപിടിക്കാനെത്തുന്നവരിൽ പാക്കിസ്ഥാനികളും കുറവല്ല. ഇതിനൊപ്പം ചെറിയ രീതിയിലുള്ള പാരാ ഗ്ലൈഡിങ്ങിനും ഓഫ് റോഡിങ്ങിനുമെല്ലാമുളള സൗകര്യങ്ങൾ യുഎഇയിലുണ്ട്.

അവധി ദിനങ്ങളിൽ ബോട്ട് വാടകയ്ക്കെടുത്ത് ആഴക്കടലിൽ മീൻപിടക്കാൻ പോകുന്നവരുമുണ്ട്. നാലും അഞ്ചും പേർ ചേർന്നാണ് ഇത്തരം സംഘങ്ങൾ ഇറങ്ങുക. അതിരാവിലെ പോയാൽ ഉച്ചയാകുമ്പോഴേക്ക്
ഹമൂറും അയക്കൂറയുമൊക്കെയായി ഇവർ തിരിച്ചെത്തും. ഇനി മീനൊന്നും കിട്ടിയില്ലെങ്കിലും ഇവർക്ക് പ്രശ്നമില്ല. ഇത്തരം യാത്രകൾ നൽകുന്ന മാനസിക ഉല്ലാസമാണ് ഇവർക്കു പ്രിയം.

വിലകൂടിയതും കുറഞ്ഞതുമായ ചൂണ്ടകളും മാർക്കറ്റിൽ ലഭ്യമാണ്. ശരാശരി 300-700 രൂപയാണ് ചൂണ്ടവില. നാട്ടിലെ പോലെ ചെറു മീനുകളും കോഴിക്കുടലും ഗോതമ്പു മാവുമെല്ലാം ഇരയായി ഉപയോഗിക്കുന്നു.

മീനിന്‍റെ ലഭ്യത ഓരോ മാസവും വ്യത്യാസപ്പെട്ടിരിക്കും. കൂടുതൽ മീൻ ലഭിക്കുന്ന സമയത്തെക്കുറിച്ചുള്ള വിവരം നൽകുന്ന ആപ്പുകളും സൈറ്റുകളും പരിശോധിച്ച് എത്തുന്നവരും നിരവധി. വിനോദത്തിനു വേണ്ടി മാത്രം മീൻപിടിക്കുകയും തിരിച്ചു പോകുമ്പോൾ മീൻ മറ്റുള്ളവർക്ക് നൽകുകയും ചെയ്യുന്നവരുമുണ്ട്.

അബുദാബിയിൽ മീൻ പിടിക്കുന്നവർക്ക് ലൈസൻസും ആവശ്യമാണ്. 18 വയസിനു മുകളിലുള്ളവർക്ക് ഓൺലൈനിൽ അപേക്ഷിക്കാം. ഒരാഴ്ചത്തേക്ക് 30ദിർഹവും വർഷത്തേക്ക് 12 ദിർഹവുമാണ് ഫീസ്.