എം.സി.മായിന്‍ ഹാജിക്കും മകനുമെതിരെ ദുബായില്‍ കേസ്

ഷാര്‍ജ: അഞ്ചുകോടി രൂപ തട്ടിപ്പ് നടത്തിയെന്ന് കാണിച്ച്‌ മുസ്ലീംലീഗ് നേതാവ് എം.സി.മായിന്‍ ഹാജിക്കും മകനുമെതിരെ ദുബായില്‍ കേസ്. കണ്ണൂര്‍ സ്വദേശിയായ പ്രവാസിയാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. ലീഗ് നേതൃത്വത്തിനെതിരേയും പരാതി നല്‍കിയിട്ടുണ്ട്. എം.സി.മായിന്‍ ഹാജിയും മകന്‍ എം.കുഞ്ഞാലിയും മരുമകന്‍ മുസ്തഫ മൊയ്തീനും ചേര്‍ന്ന് ഷാര്‍ജയില്‍ ലൈഫ് കെയര്‍ മെഡിക്കല്‍ സെന്റര്‍ എന്ന സ്ഥാപനം വാങ്ങിയിരുന്നു. ദുബായില്‍ ബിസിനസ് നടത്തുന്ന കണ്ണൂര്‍ സ്വദേശിയില്‍ നിന്ന് 25 ലക്ഷം ദിര്‍ഹത്തിന് അതായത് അഞ്ചുകോടി ഇന്ത്യന്‍ രൂപയ്ക്കാണ് സ്ഥാപനം വാങ്ങിയത്.

തുടര്‍ന്ന് മായിന്‍ ഹാജിയുടെ മകന്‍ എം.കുഞ്ഞാലി ഒപ്പിട്ട ചെക്കുകളാണ് കണ്ണൂര്‍ സ്വദേശിക്ക് നല്‍കിയത്. എന്നാല്‍ ചെക്കുകള്‍ ബാങ്കില്‍ നിന്ന് മടങ്ങി. ഇതിനിടെ കുഞ്ഞാലി ദുബായില്‍ നിന്ന് മുങ്ങുകയും ചെയ്തു. സ്ഥാപനം വിറ്റ പണം ലഭിക്കുന്നതിനായി കണ്ണൂര്‍ സ്വദേശി പലതവണ മായിന്‍ ഹാജിയെ വിളിച്ചു. എന്നാല്‍ പ്രതികരണം ലഭിക്കാതെ വന്നതോടെ പ്രവാസി വ്യവസായി നിയമനടപടികളിലേക്ക് നീങ്ങുകയായിരുന്നു.

ഷാര്‍ജയിലെ പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. ഒപ്പം തട്ടിപ്പിനിരയായ കണ്ണൂരിലെ പ്രവാസി വിവരം മുസ്ലീംലീഗിനെയും അറിയിച്ചിട്ടുണ്ട്.