കോവിഡ് കാലത്ത് സൗദിയിലെ പ്രവാസികളുടെ വരുമാനത്തില്‍ വന്‍ വര്‍ധനവ്



റിയാദ്: സൗദി അറേബ്യയിലെ പ്രവാസികള്‍ക്ക് കോവിഡ് കാലത്ത് വരുമാനത്തില്‍ വന്‍ വര്‍ധനവ്. ഈ കാലയളവില്‍ സൗദിയില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയച്ച തുകയിലും വന്‍ വര്‍ധനവ് രേഖപ്പെടുത്തി.
ജനുവരി മുതല്‍ ഒക്ടോബര്‍ വരെ സൗദി അറേബ്യയില്‍ നിന്ന് രാജ്യത്തിന് പുറത്തേക്ക് ഒഴുകിയ തുകയിലാണ് വന്‍ വര്‍ധനവുണ്ടായത്. 2.42 ലക്ഷം കോടി രൂപയാണ് സൗദിയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് ബാങ്ക് വഴി പ്രവാസികള്‍ അയച്ചത്.
2019ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 18.58 ശതമാനം തുകയാണ് പുറത്തേക്ക് ഒഴുകിയത്. കോവിഡ് രൂക്ഷമായ ഈ മാസങ്ങളില്‍ മറ്റ് രാജ്യങ്ങളില്‍ ജോലി നഷ്ടപ്പെടുകയും വരുമാനം കുറയുകയും ചെയ്തപ്പോഴാണ് സൗദിയില്‍ തൊഴിലാളികള്‍ക്ക് നേട്ടമുണ്ടായത്.
ഈ കാലയളവില്‍ പശ്ചിമേഷ്യയിലും വടക്കന്‍ ആഫ്രിക്കയിലും 19.6 ശതമാനം വരുമാനത്തില്‍ ഇടിവുണ്ടായെന്നാണ് വേള്‍ഡ് ബാങ്ക് ചൂണ്ടിക്കാണിക്കുന്നത്. 1.36 കോടി വിദേശ ജോലിക്കാരാണ് സൗദിയിലുള്ളത്. സിറിയ, ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഫിലിപൈന്‍സ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് സൗദിയില്‍ ജോലി ചെയ്യുന്നവരില്‍ അധികവും.
കോവിഡ് അതിരൂക്ഷമായ ജൂലൈയില്‍ സൗദിയില്‍ നിന്നു പുറത്തേക്കുള്ള പണമൊഴുക്കില്‍ 32 ശതമാനമാണ് വര്‍ധനവ്. ഓഗസ്റ്റിലും സെപ്റ്റംബറിലും ഒക്ടോബറിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 24.7, 28.5 19.2 എന്നീ ക്രമത്തില്‍ വര്‍ധനവുണ്ടായി.
കോവിഡ് 19 മൂലം സൗദിയില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നതില്‍ ചെലവിലുണ്ടായ കുറവാണ് നാടുകളിലേക്ക് പണമൊഴുകാനുള്ള പ്രധാനകാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം സൗദികള്‍ക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നു ലഭിച്ചു കൊണ്ടിരുന്ന വരുമാനത്തില്‍ ഗണ്യമായ കുറവുമുണ്ടായി. 17.5 ബില്യന്‍ ഡോളര്‍ വരേണ്ട സ്ഥാനത്ത് ഇതേ കാലയളവില്‍ വന്നത് 10.38 ബില്യന്‍ ഡോളര്‍ മാത്രമാണ്.