അബഹ വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം

റിയാദ്: ഒരാഴ്ചക്കിടെ സൗദിയിലെ അബഹ വിമാനത്താവളം ലക്ഷ്യമിട്ട് മൂന്നാമത്തെ ആക്രമണം. ശനിയാഴ്ച അബഹ വിമാനത്താവളം ലക്ഷ്യമാക്കി യമനിലെ ഹൂതി വിമതര്‍ തൊടുത്തുവിട്ട ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. തുടര്‍ച്ചയായി സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഹൂതികള്‍ ആക്രമണം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ചയും ഭീകരാക്രമണത്തിന് ശ്രമിച്ചിരുന്നു. വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട വിമാനത്തിന് തീപിടിച്ചു. ഹൂതി ഭീകരാക്രമണം അവസാനിപ്പിക്കാന്‍ യു.എന്‍ ഇടപെടണമെന്നു സൗദി അഭ്യര്‍ഥിച്ച് ദിവസങ്ങള്‍ കഴിയുന്നതിനിടെയാണ് വീണ്ടും ആക്രമണം. ഐക്യരാഷ്ട്ര സഭയിലെ സൗദി സ്ഥിരം പ്രതിനിധി അംബാസഡര്‍ അബ്ദുള്ള അല്‍ മുഅല്ലിമിയാണ് മേഖലയിലെ സുരക്ഷയ്ക്കും സമാധാനത്തിനുമായി അന്താരാഷ്ട്ര ശ്രദ്ധ കൊണ്ടുവന്നത്.