ഉപ്പിന്റെ അമിതോപയോഗം അനാരോഗ്യകരം

ഉപ്പിന്റെ അമിതോപയോഗം കൂടുതലും ബാധിക്കുന്നത് ഹൃദയത്തെയാണ്. ലോകത്തിലെ മരണനിരക്കില്‍ 42 ശതമാനവും ഹൃദയസ്തംഭനം മൂലമുള്ളതാണ്. ഉപ്പിന്റെ അമിത ഉപയോഗം രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും ഹൃദയ സ്തംഭനത്തിനുള്ള സാധ്യതയുണ്ടാക്കുകയും ചെയ്യുന്നു.
ഉപ്പിന്റെ അമിതോപയോഗം മൂലം വിവിധ രാജ്യങ്ങളിലായി 23 ലക്ഷത്തിലധികം പേര്‍ മരിക്കുന്നു. ലോകമൊട്ടാകെ നടത്തിയ വിവിധങ്ങളായ പഠനങ്ങളിലാണ് ഈ വിവരം കണ്ടെത്തിയത്.

1.5 ഗ്രാം ഉപ്പ് മാത്രമാണ് ശരീരത്തിനാവശ്യമുള്ളത്. ശരീരത്തിന് ആവശ്യമുള്ളതിലും അധികമാണെങ്കിലും ലോകാരോഗ്യ സംഘടന ഉപ്പിന്റെ അളവ് അഞ്ചു ഗ്രാം വരെ ആകാമെന്ന് പറയുന്നു. മറ്റൊരു പഠനം പറയുന്നത് ദിവസവും അഞ്ച് ഗ്രാം ഉപ്പ് ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കുന്നത് പക്ഷാഘാതത്തിനുള്ള സാധ്യത 23 ശതമാനവും, ഹൃദ്രോഗങ്ങള്‍ക്കുള്ള സാധ്യത 14 ശതമാനവും കുറക്കുമെന്നാണ്. എന്നാല്‍ ഉപ്പിന്റെ അമിതോപയോഗം വൃക്ക രോഗങ്ങള്‍, ആമാശയ അര്‍ബുദം, അസ്ഥി ദ്രവിക്കല്‍ തുടങ്ങിയവയ്ക്ക് കാരണമാകുന്നു. പതിനഞ്ച് ശതമാനം ഉപ്പ് മാത്രമാണ് നമ്മള്‍ സ്വയം അകത്താക്കുന്നത്. ബാക്കിയത്രയും ഭക്ഷണം നമ്മുടെ കൈയിലെത്തുന്നതിനും മുന്‍പ് അതില്‍ ചേര്‍ക്കുന്നതാണ്. വ്യാവസായിക ലക്ഷ്യത്തോടെ സ്വാദ് കൂട്ടാനും മാംസാഹാരങ്ങളിലെ ജലാംശം നിലനിര്‍ത്താനും ദാഹം വര്‍ധിപ്പിക്കാനുമായി ആദ്യമേ ചേര്‍ക്കുന്നവയാണ്. ഹൈദരാബാദിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യുട്രീഷന്‍ അംഗീകരിക്കുന്നത് ദിവസവും ആറു ഗ്രാം മാത്രമാണ്. എന്നാല്‍ ഇന്ത്യയില്‍ ഒരാള്‍ 5-30 ഗ്രാം വരെയാണ് ദിവസവും ഉപ്പ് ഉപയോഗിക്കുന്നത്.

ഒരാളുടെ ശരീരത്തിലെ രോഗപ്രതിരോധ ശേഷി ഇല്ലാതാക്കാനും ഉപ്പ് കാരണമാകുന്നതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. 2013 മാര്‍ച്ച് ആറിന് നേച്ചര്‍ മാസിക പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഉപ്പ് പ്രതിരോധ ശേഷിയെ തകര്‍ത്ത് മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ്, റുമറ്റോയിഡ്, ആര്‍ത്രൈറ്റിസ് തുടങ്ങിയ അസുഖങ്ങള്‍ക്ക് കാരണമാകുമെന്ന് പ്രതിപാദിച്ചിരിക്കുന്നു.

ഉപ്പിന്റെ ഉപയോഗം പരിധി കടക്കുന്നത് കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നു. ശരീരത്തില്‍ സോഡിയത്തിന്റെ അളവ് ക്രമാതീതമായി നിലനിന്നാല്‍ ശരീരത്തില്‍ നിന്ന് ജലാംശം പുറത്തുപോകാതെ നില്‍ക്കും. ഇത് കൈകളിലും കാല്‍ മുട്ടുകളിലും കാല്‍പ്പാദത്തിലും നീരുവന്നു വീര്‍ക്കുന്ന ഒഡിമ എന്ന അസുഖത്തിന് കാരണമാകുന്നു. ചികിത്സിച്ചു ഭേദമാക്കാവുന്നതാണെങ്കിലും ഗൗരവമായി പരിഗണിക്കേണ്ട അസുഖമാണിത്. കൂടാതെ ഉപ്പിന്റെ അമിതോപയോഗം ഉദര കാന്‍സറിനും മറ്റു ഉദര രോഗങ്ങള്‍ക്കും ഇടയാക്കുന്നു. ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളുന്ന വൃക്കകളുടെ പ്രവര്‍ത്തനം ഉപ്പിന്റെ അമിതോപയോഗത്തെ തുടര്‍ന്ന് മന്ദീഭവിക്കുന്നു.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here