ഡേറ്റിങ് ആപ്പ്; ദുബായില്‍ ഇന്ത്യക്കാരില്‍ നിന്ന് തട്ടിയത് 55 ലക്ഷം രൂപ

ദുബായ്: ഡേറ്റിങ് ആപ്പ് വഴി മൂന്നു സ്ത്രീകള്‍ ഇന്ത്യക്കാരനില്‍ നിന്ന് 55 ലക്ഷം രൂപ തട്ടിയെടുത്തു. 280,000 ദിര്‍ഹം (ഏകദേശം 55 ലക്ഷം രൂപ) തട്ടിയെടുത്തു. വ്യാജ മസ്സാജ് പാര്‍ലറിലേക്ക് ക്ഷണിച്ച്‌ വരുത്തിയാണ് പണം തട്ടിയെടുത്തത്. 2020 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദുബായ് കോടതിയില്‍ ഇപ്പോള്‍ കേസിന്റെ വാദം നടന്ന് വരികയാണ്.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ 33 വയസുള്ള ഈ ഇന്ത്യക്കാരന്‍ ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്പില്‍ മസ്സാജ് പാര്ലറിനെ കുറിച്ചുള്ള ഒരു പരസ്യം കണ്ടു. ഒരു മസ്സാജ് സെഷന് 200 ദിര്‍ഹമാണ് വിലയെന്ന് പരസ്യത്തില്‍ കൊടുത്തിരുന്നു. മാത്രമല്ല സുന്ദരികളായ സ്ത്രീകളുടെ ചിത്രങ്ങളോടെയാണ്‌ പരസ്യം ചെയ്തിരുന്നത്. ഇത് കണ്ട് പരസ്യത്തിലെ നമ്ബറില്‍ ബന്ധപ്പെട്ടപ്പോള്‍ അല്‍ റീഫയിലുള്ള ഒരു ഫ്ലാറ്റില്‍ എത്താന്‍ ഈ തട്ടിപ്പ് സംഘം ആവശ്യപ്പെട്ടു.

അവിടെ എത്തിയ യുവാവ് അവിടെ 4 ആഫ്രിക്കന്‍ സ്ത്രീകളെ കണ്ടതും 200 ദിര്‍ഹം അവരെ ഏല്‍പ്പിച്ചു. എന്നാല്‍ അവര്‍ യുവാവിന്റെ മൊബൈലില്‍ ബാങ്കിന്റെ ആപ്പ് തുറക്കാനും പണം ട്രാന്‍സ്ഫര്‍ ചെയ്യാനും ആവശ്യപ്പെട്ടു. ഇതിന് സമ്മതിക്കാതിരുന്നപ്പോള്‍ യുവതികള്‍ യുവാവിന്റെ കഴുത്തില്‍ കത്തിവെച്ച്‌ ഭീഷണിപ്പെടുത്തുകയും മുഖത്തടിക്കുകയും ചെയ്‌തു. ഇതിന് ശേഷം ഇതില്‍ ഒരു യുവതി യുവാവിന്റെ ക്രെഡിറ്റ് കാര്‍ഡ് തട്ടിയെടുത്ത് 30000 ദിര്‍ഹം എടിഎമ്മില്‍ നിന്ന് പിന്‍വലിച്ചു. പിന്നെയും ഒരു ദിവസം യുവാവിനെ ആ ഫ്ലാറ്റില്‍ തടവിലിട്ട ശേഷം യുവാവിന്റെ ആക്കൗണ്ടില്‍ നിന്ന് 250,000 ദിര്‍ഹം വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റി. പിന്നെ യുവാവിന്റെ ഐ ഫോണും തട്ടിയെടുത്തതിന് ശേഷം വിട്ടയച്ചു.

പുറത്തെത്തിയ യുവാവ് പൊലീസിലും ബാങ്കിലും വിവരങ്ങള്‍ അറിയിച്ചു. ഇവരില്‍ 3 നൈജീരിയന്‍ സ്ത്രീകളെ ദുബായ് പൊലീസ് ഷാര്‍ജയില്‍ നിന്ന് പിടികൂടി. ഒരാളെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അതില്‍ ഒരു യുവതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ മോഷണത്തിനും, ഭീഷണിയ്ക്കും, വേശ്യാവൃത്തിക്കും കേസ് എടുത്തിട്ടുണ്ട്. മാര്‍ച്ച്‌ 4 ന് കേസിന്റെ അടുത്ത ഘട്ട വിചാരണ നടക്കും.