പട്‌ന: ബീഹാറിലെ തെരഞ്ഞെടുപ്പിനേക്കാള്‍ രാജ്യം മുഴുവന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അവിടത്തെ ഒരു അധ്യാപകന്റേയും വിദ്യാര്‍ഥിനിയുടേയും പ്രണയമാണ്.
പ്രണയകഥയിലെ നായകനും നായികയുമായിരുന്ന അദ്ധ്യാപകനും വിദ്യാര്‍ത്ഥിനിയും 14 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം പിരിഞ്ഞു. പ്രസിദ്ധമായ പ്രണയഗുരു മടുക്നാഥ് ചൗധരിയും തന്നേക്കാള്‍ 30 വയസ്സിന് ഇളയവളായ സ്വന്തം വിദ്യാര്‍ത്ഥിനി ജൂലിയുമാണ് ഒരുമിച്ചുള്ള ജീവിതം മതിയാക്കി പിരിഞ്ഞത്. കോളിളക്കം സൃഷ്ടിച്ച ഇവരുടെ പ്രണയവും പിന്നീടുള്ള വിവാഹവും ഒരുമിച്ചുള്ള ജീവിതവുമെല്ലാം ഒരു സിനിമാക്കഥ പോലെ സംഭവബഹുലമായിരുന്നു. അതുപോലെ തന്നെ ഇവരുടെ വേര്‍പിരിയലും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്.
ബീഹാറിലെ പാറ്റ്ന യൂണിവേഴ്സിറ്റിയില്‍ ഹിന്ദി വകുപ്പ് അധ്യാപനായിരുന്നപ്രൊഫ. മടുക് നാഥ് ചൗധരിക്ക് അന്ന് പ്രായം 49 വയസ്സായിരുന്നു. വിദ്യാര്‍ത്ഥിനി ജൂലിക്ക് വയസ്സ് 19 ും. 2004 ല്‍ ഇരുവരും കണ്ടുമുട്ടുമ്പോള്‍ ഉണ്ടായിരുന്ന 30 വയസ്സിന്റെ പ്രായവ്യത്യാസം പക്ഷേ പ്രണയത്തിന് തടസ്സമായിരുന്നില്ല. ക്ലാസ്സില്‍ വൈകിയെത്തിയിരുന്ന ജൂലിയെ മടുക് ചൗധരി ശകാരിക്കുമായിരുന്നു. ഇത് പതിവായി മാറിയതോടെ ഇരുവരുടേയും പരിചയം സൗഹൃദമായി മാറി. പിന്നീട് അടുപ്പം പതുക്കെ പ്രണയമായി മാറി. ആദ്യം പ്രണയം പറഞ്ഞത് കൗമാരം പിന്നിടാഞ്ഞ ജൂലിയായിരുന്നു. പ്രൊഫസറില്ലാതെ ജീവിക്കാനാകില്ലെന്ന് മടുക്ക് നാഥിനോട് തുറന്നു പറഞ്ഞു.
ഭാര്യയും രണ്ടു മക്കളുമുള്ള മടുക്ക് നാഥ് ആദ്യമെല്ലാം ഒഴിഞ്ഞുമാറി. വീട്ടമ്മയായ ഭാര്യ ആഭയുമായി ശാന്തമായ ജീവിതത്തിനിടയില്‍ അപ്രതീക്ഷിതമായി കടന്നുവന്ന ജൂലിയുടെ പ്രണയത്തിന് മുന്നില്‍ ഒടുവില്‍ പ്രൊഫസര്‍ കീഴടങ്ങി. മകളാകാന്‍ പ്രായമുള്ള പെണ്‍കുട്ടിക്കൊപ്പമുള്ള പ്രൊഫസറുടെ പാര്‍ക്കിലും ബീച്ചിലുമൊക്കെയുള്ള കറക്കം വളരെ പെട്ടെന്ന തന്നെ ശ്രദ്ധപിടിച്ചുപറ്റി. ഇരുവരെയും കുറിച്ച് കഥകള്‍ പ്രചരിക്കാന്‍ തുടങ്ങി. ഇതോടെ വീട്ടിലെ ശാന്തമായ അന്തരീക്ഷം കലുഷിതമായി.
ഭാര്യ നിരന്തരമായി വഴക്കിലേര്‍പ്പെട്ടു. ബന്ധുക്കള്‍ ഒറ്റപ്പെടുത്തി. ഇരുവരെയും കയ്യോടെ പിടികൂടി ഭാര്യയുടെ ബന്ധുക്കള്‍ പരസ്യമായി തല്ലിച്ചതച്ചു. തെരുവില്‍ വെച്ച് അദ്ദേഹത്തിന്റെ മുഖത്തു കരി വാരി തേച്ചു. ഭാര്യ നല്‍കിയ പരാതിയില്‍ പോലീസ് ഗാര്‍ഹിക പീഡനകുറ്റം ചുമത്തി പ്രൊഫസറെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. വിശ്വാസ വഞ്ചനയ്ക്ക് ജൂലിയും അകത്തായി. മാധ്യമങ്ങള്‍ തുടര്‍ച്ചയായി കഥകള്‍ നല്‍കാന്‍ തുടങ്ങിയതോടെ നിരന്തരം കേള്‍ക്കുന്ന ഒരു പാട്ടു പോലെയായി. ഒടുവില്‍ സര്‍വകലാശാല അധികൃതരുടെ നടപടിയില്‍ പ്രൊഫസര്‍ക്ക് പണിപോകുക പോലും ചെയ്തു.
2009 ല്‍ പാറ്റ്ന സര്‍വകലാശാല ജോലിയില്‍ നിന്ന് പിരിച്ചും വിട്ടു. എന്നിട്ടും പ്രൊഫസര്‍ ജൂലിയെ കൈവിട്ടില്ല. ജയില്‍ മോചിതനായ അദ്ദേഹം പാറ്റ്ന വിട്ടു ഭഗല്‍പ്പൂരിലെത്തി, ഇരുവരും ഒരുമിച്ചു താമസം തുടങ്ങി. പ്രൊഫസറോടുള്ള പ്രണയം ശാരീരികം എന്നതിനേക്കാള്‍ ആത്മീയമാണ് എന്നാണ് ജൂലി മാധ്യമങ്ങളോട് പറഞ്ഞത്. അദ്ദേഹത്തിന്റെ വ്യക്തിത്വത്തോടുള്ള ആരാധനയില്‍ നിന്നാണ് അതുണ്ടായതെന്നും അവര്‍ പറഞ്ഞു.
പിന്നീട് അദ്ദേഹം ജോലി തിരികെ ലഭിക്കാന്‍ കോടതിയെ സമീപിച്ചു. തുടര്‍ന്നു നടന്ന നിയമ പോരാട്ടത്തില്‍ അനുകൂല വിധി ഉണ്ടായി. 2013 ഫെബ്രുവരി 13 ന് അദ്ദേഹത്തെ ജോലിയില്‍ തിരിച്ചെടുക്കാന്‍ കോടതി ആവശ്യപ്പെട്ടു. എന്നാല്‍, സര്‍വകലാശാല കോടതി വിധി നടപ്പാക്കിയില്ല. അതിനായി അദ്ദേഹം സത്യാഗ്രഹം കിടന്നു. ഒടുവില്‍ ചാന്‍സലറായ ഗവര്‍ണര്‍ ഇപെട്ട് ജോലിയില്‍ പുനഃസ്ഥാപിച്ചു. കൂടാതെ പുറത്തായ കാലത്തെ ശമ്പളമായ 20 ലക്ഷം രൂപ അദ്ദേഹത്തിന് ലഭിച്ചു.
ഭാര്യയുമായുള്ള വിവാഹമോചന കേസ് കോടതിയില്‍ എത്തിയപ്പോള്‍ ആഭിയ്ക്കും കുട്ടികള്‍ക്കും മാസം 15000 രൂപ ചിലവിനു നല്‍കാന്‍ വിധി വന്നു. പാറ്റ്നയിലെ രണ്ടു വീടുകളില്‍ കോടിയിലേറെ വിലമതിക്കുന്ന വീടും ആദ്യ ഭാര്യക്ക് നല്‍കി. പ്രതിസന്ധികളെല്ലാം തരണം ചെയ്ത് മടുക്ക് നാഥും ജൂലിയും സന്തോഷത്തോടെ ജീവിതമാരംഭിച്ചു. മാധ്യമങ്ങള്‍ പ്രൊഫസറെ ലവ് ഗുരു എന്നു വിശേഷിപ്പിച്ചു. മനോഹരമായിരുന്നു ആ ജീവിതമെന്ന് ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.
പൊതുപ്രവര്‍ത്തനത്തിലും സജീവമായ പ്രൊഫസര്‍ക്കൊപ്പം പൊതുപരിപാടികളില്‍ ജൂലിയും പങ്കാളിയായി. വാലന്‍ൈറന്‍സ് ആഘോഷങ്ങളില്‍ ഇരുവരും അതിഥികളായി. ഇതിനിടയില്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയിലും ജെ.എന്‍യുവിലും ജൂലി പഠിച്ചിറങ്ങി. ആറു വര്‍ഷം മുമ്പ് മുതലാണ് മടുക് നാഥിന്റെയും ജൂലിയുടേയും ജീവിതത്തില്‍ കഥ വീണ്ടും മാറി. പ്രണയത്തിന്റെ ആനന്ദത്തിന് ശേഷം വന്ന വൈവാഹിക ജീവിതത്തിലെ മടുപ്പ്് ജൂലിയെ പതിയെ ആത്മീയതയിലേക്ക് അടുപ്പിച്ചു. പുതുച്ചേരിയിലും ഋഷികേശിലും പൂനെയിലെ ഓഷോ ആശ്രമവും ഉള്‍പ്പെടെ ആത്മീയ കേന്ദ്രങ്ങളിലേക്ക് ജൂലി ഒറ്റയ്ക്കുള്ള സഞ്ചാരങ്ങള്‍ ആരംഭിച്ചു.
പിന്നീട് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി ജൂലി ഒറ്റയ്ക്ക് ജീവിക്കാനാരംഭിച്ചു. അതോടെ 14 വര്‍ഷം നീണ്ട പ്രണയ ജീവിതത്തിന് ഇരുവരും വിരാമമിട്ടു. രണ്ടു വര്‍ഷം മുമ്പാണ് താന്‍ വീണ്ടുമൊരു വിവാഹത്തിന് ഒരുങ്ങുകയാണ് എന്ന് പ്രൊഫസര്‍ ഒരു മാധ്യമത്തോട് പറഞ്ഞത്. നിരവധി വിവാഹ ആലോചനകള്‍ വരുന്നുണ്ട്. അതില്‍ നിന്നും അനുയോജ്യമായ ഒരെണ്ണം തെരഞ്ഞെടുക്കണം. അദ്ദേഹം പറഞ്ഞപ്പോള്‍ ഞെട്ടിയത് മാധ്യമങ്ങളാണ്. 64 ാം വയസ്സില്‍ മറ്റൊരു ബന്ധത്തെക്കുറിച്ച് ആലോചിക്കുകയാണ് മടുക്ക്് നാഥ്. പ്രായം തന്റെ പ്രണയത്തെ തളര്‍ത്തിയിട്ടില്ലെന്നും പറയുന്നു.