യെമനിലേക്കുള്ള യുഎൻ സഹായത്തിന് സൗദിയുടെ 43 കോടി ഡോളർ

ന്യൂയോർക്ക്: ആഭ്യന്തരയുദ്ധത്തിന്‍റെ കെടുതിയിൽപ്പെട്ട യെമനിലേക്കുള്ള യുഎൻ സഹായനിധിയിലേക്ക് 43 കോഡി ഡോളർ വാഗ്ദാനം ചെയ്ത് സൗദി അറേബ്യ. കെഎസ് റിലീഫ് സൂപ്പർവൈസർ ജനറൽ ഡോ. അബ്ദുള്ള അൽ റബീയ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സ്വീഡനും സ്വിറ്റ്സർലൻഡുമായി ചേർന്നുള്ള വെർച്ച്വൽ കോൺഫറൻസിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

യെമനിലെ പ്രശ്നങ്ങളെ സൗദി സൂക്ഷ്മമായി നിരീക്ഷിച്ചു വരുകയാണെന്നും അവിടത്തെ ജനത അനുഭവിക്കുന്ന ദുരിതം കണക്കിലെടുത്താണ് യുഎൻ ഉൾപ്പെടെയുള്ള സംഘടനകളുടെ പ്രവർത്തനത്തിലേക്കായി സഹായം നൽകുന്നതെന്നും റബീയ പറഞ്ഞു. മേഖലയിലെയും ആഗോളതലത്തിൽതന്നെയും ജീവകാരുണ്യസഹായം നൽകുന്ന രാജ്യങ്ങളിൽ ഏറ്റവും മുന്നിലാണ് സൗദി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യെമനിലേക്കുള്ള സഹായം ഇതിൽ ഏറ്റവും പരിഗണനയർഹിക്കുന്നതാണ്.

യെമനിലെ പ്രതിസന്ധി രൂക്ഷമാക്കുന്നതിൽ മുൻപന്തിയിലുള്ളത് ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതി തീവ്രവാദികളാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് പലായനം ചെയ്തെത്തിയ യെമനികളുടെ സുരക്ഷാ കേന്ദ്രമായ മരിബ് മേഖലയിൽ അടുത്തിടെ ഹൂതികൾ നടത്തിയ ആക്രമണം ഇതിനുള്ള ഏറ്റവും പുതിയ തെളിവാണ്. ഇവിടെ കൂടാതെ അയൽ രാജ്യങ്ങൾക്കും ഭീഷണിയാകുകയാണ് ഹൂതികൾ. അതിർത്തി കടന്ന് സൗദിയിലെ ജനവാസ മേഖലകളിൽ അടുത്തിടെ വർധിച്ചുവരുന്ന ആക്രമണങ്ങള പരമാർശിക്കുകയായിരുന്നു റബീയ.

യെമനിൽ സുസ്ഥിരത കൊണ്ടുവരുന്നതിനും ജനങ്ങളെ സംരക്ഷിക്കുന്നതിനും ആഗേളസമൂഹത്തിന്‍റെ ശക്തമായ ഇടപെടൽ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആകെ 170 കോടി ഡോളർ സഹായമാണ് കോൺഫറൻസിൽ പ്രഖ്യാപിക്കപ്പെട്ടത്. 385 കോടി ഡോളറായിരുന്നു യുഎൻ ആവശ്യപ്പെട്ടത്.