റഷ്യയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തക ആഭ്യന്തര മന്ത്രാലയത്തിനു മുന്നിലെ റോഡില്‍ തീകൊളുത്തി മരിച്ചു

മോസ്‌കോ: റഷ്യയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തക ആഭ്യന്തര മന്ത്രാലയത്തിനു മുന്നിലെ റോഡില്‍ തീകൊളുത്തി മരിച്ചു. വാര്‍ത്താ പോര്‍ട്ടലായ കോസ പ്രസ് എഡിറ്റര്‍ ഇന്‍ ചീഫ് ഐറിന സ്ലാവിനയാണ് ആത്മഹത്യ ചെയ്തത്. റഷ്യന്‍ ഭരണകൂടമാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് മരണത്തിനു തൊട്ടുമുമ്പ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഐറിന ആരോപിച്ചു.

സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച് പോലിസ് ഐറിനയ്ക്ക് പിഴ ശിക്ഷ വിധിച്ചിരുന്നു. കഴിഞ്ഞ ദിവസം അവരുടെ ഫ്‌ളാറ്റില്‍ പോലിസ് റെയ്ഡ് നടന്നിരുന്നു. അതിനു പിന്നാലെയാണ് ഞെട്ടിക്കുന്ന സംഭവം. തന്റെ ഫ്‌ളാറ്റില്‍ നടന്ന റെയ്ഡില്‍ പോലിസ് ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും രേഖകളും പിടിച്ചെടുത്തതായി വ്യാഴാഴ്ച ഐറിന ആരോപിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയം സ്ഥിതി ചെയ്യുന്ന നിസ്‌നി നോവ്‌ഗോറോഡ് ഗോര്‍ക്കി സ്ട്രീറ്റിലെ ബെഞ്ചിലിരുന്നാണ് ഐറിന ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.

സംഭവത്തിന്റെ വീഡയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഐറിനയുടെ ശരീരത്തിലെ തീ കെടുത്താന്‍ ആളുകള്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഐറിനയുടെ മരണം റഷ്യന്‍ അന്വേഷണ സമിതി സ്ഥിരീകരിച്ചു. ജനാധിപത്യത്തിനു വേണ്ടി വാദിക്കുന്ന ഓപ്പണ്‍ റഷ്യ എന്ന സംഘടനയുമായി ബന്ധമുണ്ടെന്ന്് ആരോപിച്ച് പോലിസ് ഐറിനയെ നിരന്തരം വേട്ടയാടുന്നതായി ആരോപണമുണ്ടായിരുന്നു. ഐറിനയെ മാനസികമായി തളര്‍ത്തുകയും തടവിലാക്കുകയും പിഴ ചുമത്തുകയും വേട്ടയാടുകയും ചെയ്തിരുന്നതായി അവരുമായി അടുത്ത ബന്ധമുള്ള നടാലിയ ഗ്രയാന്‍സെവിച്ച് ബിബിസിയോട് പറഞ്ഞു.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here