രാഹുല്‍ ഇന്ത്യയുടെ മനസ്സിലൂടെ നടന്നത്‌ 3,970 കിലോമീറ്റര്‍

ന്യൂഡല്‍ഹി: ഇന്ത്യയെ നിര്‍മിച്ചിരിക്കുന്നത് സ്നേഹം, വിശ്വസ്തത, സമാധാനം എന്നിവ കൊണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

ഭാരത് ജോഡോയുടെ അവസാന ഘട്ട യാത്രക്കിടെയാണ് പ്രിയങ്ക ഗാന്ധി അഭിപ്രായം പങ്കുവെച്ചത്. രാഹുല്‍ ഗാന്ധി നയിച്ച യാത്ര ആളുകള്‍ സ്വീകരിച്ചെന്നും അവര്‍ അഭിപ്രായപ്പെട്ടു.

‘4-5 മാസങ്ങളായി എന്റെ സഹോദരന്‍ നടക്കുകയാണ്. ആളുകള്‍ സ്വീകരിച്ചാലും ഇല്ലെങ്കിലും ഇത്രയും ദീര്‍ഘമായ യാത്ര എങ്ങനെ സാധിക്കുമെന്ന് യാത്രയുടെ ആദ്യ നാളുകളില്‍ ഞാന്‍ അതിശയിച്ചിരുന്നു. എന്നാല്‍ എവിടെയാണോ രാഹുല്‍ ഗാന്ധിയുടെ യാത്ര, അവിടെയൊക്കെയും ആളുകള്‍ അദ്ദേഹത്തെ സ്നേഹപൂര്‍വ്വം സ്വീകരിച്ചു’ -പ്രിയങ്ക പറഞ്ഞു.

കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തിങ്കളാഴ്ച ശ്രീനഗറിലെ പാര്‍ട്ടി ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്തി. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും സാന്നിധ്യത്തിലായിരുന്നു പതാക ഉയര്‍ത്തിയത്.

സെപ്റ്റംബര്‍ 7ന് കന്യാകുമാരിയില്‍ നിന്നാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. 12 സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളും താണ്ടിയ യാത്ര 3,970 കിലോമീറ്റര്‍ സഞ്ചരിച്ചു. ഇന്ന് കാശ്മീര്‍ താഴ്വരയിലാണ് യാത്ര അവസാനിച്ചത്. യാത്രക്കുടനീളം വലിയ ജനപിന്തുണയാണ് ലഭിച്ചത്.