വിസ കാലാവധി ലംഘിച്ചവർക്ക് യുഎഇ ഡിസംബർ 31 വരെ പിഴ ഒഴിവാക്കുന്നു

അബുദാബി: 2020 മാർച്ച് ഒന്നിന് മുമ്പ് വിസ കാലാവധി കഴിഞ്ഞതിന് ശേഷം യുഎഇയിൽ അനധികൃതമായി താമസിക്കുന്ന ആളുകൾക്ക് പിഴ ഈടാക്കാതെ രാജ്യം വിടാൻ ഈ വർഷം അവസാനം വരെ സമയം ഉണ്ടായിരിക്കുമെന്ന് യുഎഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസി‌എ) പ്രഖ്യാപിച്ചു.

മുൻ കാബിനറ്റ് ഉത്തരവ് പ്രകാരം നവംബർ 17 അർദ്ധരാത്രി വരെയാണ് സമയപരിധി ഉണ്ടായിരുന്നത്. എന്നാൽ ചൊവ്വാഴ്ച, ഗ്രേസ് പിരീഡ് നടപ്പ് വർഷാവസാനം വരെ നീട്ടുകയായിരുന്നു. ഗ്രേസ് പിരീഡ് എക്സ്റ്റൻഷൻ ഈ വർഷം അവസാനം വരെ നടപ്പാക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസി‌എ) ലെ ഫോറിൻ അഫയേഴ്സ് ആൻഡ് പോർട്സ് ഡയറക്ടർ ജനറൽ മേജർ ജനറൽ സയീദ് രാകൻ അൽ റാഷിദി അറിയിച്ചു.

ഈ വർഷം മാർച്ച് ഒന്നിന് മുമ്പ് വരെ കാലാവധിയുണ്ടായിരുന്ന വിസയ്ക്ക് ശേഷം നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്ന – സന്ദർശന, ടൂറിസ്റ്റ് അല്ലെങ്കിൽ റെസിഡൻസി വിസയിൽ താമസിക്കുന്ന ആളുകൾക്കാണ് കാലാവധി നീട്ടിയത്. യാതൊരു പിഴയും കൂടാതെ അവർക്ക് യുഎഇയിൽ നിന്ന് പുറത്തുപോകാം.

നിയമലംഘകർക്ക് അവരുടെ നില മാറ്റാൻ രണ്ടാമത്തെ അവസരം നൽകണമെന്ന് രാജ്യത്തെ നേതാക്കളിൽ നിന്നുള്ള നിർദേശത്തെ തുടർന്നാണ് ഗ്രേസ് പിരീഡ് നീട്ടാനുള്ള മന്ത്രിസഭ ഉത്തരവ് വന്നതെന്ന് മജ് ജനറൽ അൽ റാഷിദി പറഞ്ഞു.