കോവിഡ് വാക്‌സിന്‍; സൗദിയില്‍ രജിസ്‌ട്രേഷന്‍ മൂന്നു ലക്ഷമായി ഉയര്‍ന്നു

60 ശതമാനം സൗദികളും പ്രവാസികളും ഫൈസര്‍-ബയോ എന്‍ടെക് കൊറോണ വൈറസ് വാക്‌സിന്‍ എടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം. രാജ്യത്ത് മൂന്നു ലക്ഷത്തിലേറെ പേരാണ് നാലു ദിവസത്തിനകം വാക്സിനേഷനു വേണ്ടി രജിസ്റ്റര്‍ ചെയ്തത്.

രജിസ്ട്രേഷന് അനുഭവപ്പെടുന്ന തിരക്കിന് കാരണം കൊവിഡ് വൈറസിന്റെ വ്യാപനം തടയാന്‍ ഏറ്റവും നല്ല വഴി വാക്സിനേഷനാണെന്ന ജനങ്ങളുടെ തിരിച്ചറിവാണെന്ന് പ്രിവന്റീവ് മെഡിസിന്‍ അസിസ്റ്റന്റ് ഡെപ്യൂട്ടി മന്ത്രി ഡോ.അബ്ദുള്ള അസീരി പറഞ്ഞു. സൗജന്യ വാക്സിനു വേണ്ടി ആരോഗ്യ വകുപ്പിന്റെ സിഹത്തി ആപ്പില്‍ ബുധനാഴ്ച ഉച്ച വരെ 1.5 ലക്ഷം പേരായിരുന്നു രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ വെള്ളിയാഴ്ച ആയപ്പോഴേക്കും അത് മൂന്നു ലക്ഷമായി ഉയരുകയായിരുന്നു. ഇത് ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും രാജ്യത്തെ 70 ശതമാനത്തോളം പേര്‍ വാക്സിനെടുക്കാന്‍ പൂര്‍ണമനസ്സോടെ മുന്നോട്ടു വരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈറസിനെ പിടിച്ചു കെട്ടുന്നതിനായി തുടക്കം മുതല്‍ സൗദി ഭരണകൂടം ജനങ്ങള്‍ക്കിടയില്‍ ബോധവത്ക്കരണം നടത്തിയിരുന്നു. സ്വദേശികളും വിദേശികളും ഇക്കാര്യത്തില്‍ ഒരു പോലെ സഹകരിച്ചതായും അദ്ദേഹം പറഞ്ഞു. നിലവില്‍ 550 ക്ലിനിക്കുകളും 600ലധികം കിടക്കകളും നൂറിലധികം ആരോഗ്യ പ്രാക്ടീഷണര്‍മാരുമുള്ള റിയാദിലെ ഒരു പ്രത്യേക കേന്ദ്രത്തിലൂടെ വാക്‌സിന്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. വരും ദിനങ്ങളില്‍ മറ്റ് ഗവര്‍ണറേറ്റുകളിലേക്ക് കൂടി വിതരണം വ്യാപിപ്പിക്കാനാണ് പദ്ധതി.