നവയുഗം നേതാവ് സന്തോഷ് കുമാർ സൗദിയില്‍ മരിച്ചു

അൽഹസ്സ: നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ മേഖല നേതാവും, കൊളാബിയ യൂണീറ്റ് പ്രസിഡന്റുമായ സന്തോഷ് കുമാർ അസുഖബാധിതനായി മരണമടഞ്ഞു. 46 വയസ്സായിരുന്നു.

കോളാബിയയിൽ ഹൌസ് ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന സന്തോഷിന്, കഴിഞ്ഞ രണ്ട് ആഴ്ചകൾക്ക് മുന്നേ ശാരീരികമായ അസ്വസ്ഥതകൾ ഉണ്ടായി. വയറ് ക്രമാധീതമായി വീർത്ത്, കാലിന് നീരും വന്നു. ഈ അവസ്ഥ കണ്ട നവയുഗം കൊളാബിയ യൂണിറ്റ് സെക്രട്ടറി അൻസാരി വിളിച്ചു അറിയിച്ചതിനെ തുടർന്ന്, നവയുഗം മേഖല പ്രസിഡന്റ് ഉണ്ണി മാധവം ഇടപെട്ട് ആംബുലൻസ് അറേഞ്ച് ചെയ്ത്, തൊട്ടടുത്ത ജാഫർഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. പരിശോധനയിൽ ഗുരുതരമായ കരൾരോഗം ആണെന്ന് സ്ഥിതീകരിച്ചതിനെത്തുടർന്ന്, തുടർ ചികിത്സക്കായി മുബാറസ് ബഞ്ചലവി ആസ്പത്രിയിലേക്ക് മാറ്റുകയുമാണ് ചെയ്തത്. ജനുവരി 4 ന് രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഐ സി യൂവിലേയ്ക്ക് മാറ്റിയെങ്കിലും, ബുധനാഴ്ച്ച വൈകുന്നേരത്തോടെ മരണം സംഭവിയ്ക്കുകയായിരുന്നു.

18 വർഷമായി സൗദിയിൽ ജോലി ചെയ്തു വന്നിരുന്ന സന്തോഷ്, അൽഹസ്സയിലെ നവയുഗം പ്രവർത്തങ്ങളിലൂടെ സാമൂഹ്യപ്രവർത്തനരംഗങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. കവിതയാണ് ഭാര്യ. സ്ക്കൂൾ വിദ്യാർത്ഥികളായ ഒരു മകനും, മകളും ഉണ്ട്.

നവയുഗം കേന്ദ്രകമ്മിറ്റി സന്തോഷിന്റെ അകാലനിര്യാണത്തിൽ അനുശോചിച്ചു. വളരെ ഊർജ്ജസ്വലതയും, സാമൂഹ്യപ്രതിബദ്ധതയും ഉള്ള നല്ലൊരു നേതാവിനെയാണ് നവയുഗത്തിന് നഷ്ടമായിരിയ്ക്കുന്നതെന്ന് കേന്ദ്രകമ്മിറ്റി അനുശോചനപ്രമേയത്തിൽ പറഞ്ഞു.

നവയുഗം അൽഹസ്സ മേഖല പ്രസിഡന്റ് ഉണ്ണി മാധവത്തിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിയ്ക്കാനുള്ള നിയമനടപടികൾ പൂർത്തിയായി വരുന്നു.