ദുബായ്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഹോം ഐസൊലേഷനുമായി ബന്ധപ്പെട്ട് ദുബായ് ആരോഗ്യമന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ശാരീരികവും മാനസികവുമായ ആരോഗ്യം ശക്തിപ്പെടുത്താനുള്ള നിർദേശങ്ങൾ ആരോഗ്യമന്ത്രാലയം പ്രതിനിധി ഡോ. ഹിന്ദ് അൽ അവ്ധിയാണ് വാർത്താസമ്മേളനത്തിൽ അറിയിച്ചത്.
ഏന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് പിസിആർ പരിശോധനയ്ക്കു വിധേയരായവരാണെങ്കിൽ ഫലം ലഭിക്കുന്നതുവരെ രോഗബാധയുണ്ട് എന്ന നിലയിൽതന്നെ മുൻകരുതൽ എടുക്കണം. കുടുംബാംഗങ്ങളെയും സമൂഹത്തെയും രോഗത്തിൽനിന്നു സംരക്ഷിക്കുന്നതിനാണ് ഈ നടപടി. ഇക്കാലയളവിൽ ജോലിസ്ഥലത്തേക്കോ സ്കൂളുകളിലേക്കോ പോകരുത്. ഫലം ലഭിക്കും വരെ വീടിനു പുറത്തിറങ്ങാതിരിക്കുക.
പോസിറ്റിവ് പിസിആർ ഫലമാണ് ലഭിക്കുന്നതെങ്കിൽ പരിശോധനയ്ക്കു വിധേയമായ കാലയളവ് മുതൽ ക്വാറന്‍റീനു പരിഗണിക്കും. ലക്ഷണങ്ങളില്ലാത്ത രോഗിയാണെങ്കിൽ പത്തു ദിവസത്തേക്കാണ് ക്വാറന്‍റീൻ. പനി പോലുള്ള രോഗലക്ഷണങ്ങൾ ഉള്ളവരാണെങ്കിൽ ഐസൊലേഷൻ കാലാവധി കഴിഞ്ഞാലും ഇത്തരം ലക്ഷണങ്ങൾ മാറുന്നതുവരെ പുറത്തിറങ്ങരുത്.
രണ്ടുദിവസം കൂടുമ്പോൾ ഓക്സി മീറ്റർ ഉപയോഗിച്ച് രക്തത്തിലെ ഓക്സിജന്‍റെ അളവ് പരിശോധിക്കേണ്ടതാണ്. ക്വാറന്‍റീനിൽ കഴിയുമ്പോൾ ശ്വാസതടസം നേരിടുകയാണെങ്കിൽ ഉടൻ വിദഗ്ധസഹായം തേടണം.
ടെലിമെഡിസിൻ കൺസൾട്ടേഷൻ ആവശ്യമുള്ളവർക്ക് ആരോഗ്യ മന്ത്രാലയം നൽകുന്നതാണ്. അൽഖവ്നീജിലും അൽ ബദയിലുമായി രണ്ടു കോവിഡ് കേന്ദ്രങ്ങളുണ്ട്. ദിവസങ്ങളായി തുടരുന്ന പനിയുള്ളവർ നിർബന്ധമായും ഡോക്റ്ററെ കാണേണ്ടതാണ്.
ഡോക്റ്റർമാർ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കുക. നേരിട്ടു സമ്പർക്കമുള്ള കുടംബാംഗങ്ങളും ബന്ധുക്കളും ക്വാറന്‍റീനിൽ കഴിയേണ്ടതാണ്. നെഗറ്റീവ് റിസൾട്ട് ലഭിച്ചാലും സമ്പർക്കത്തിലുള്ളവർ ക്വാറന്‍റീൻ പൂർത്തിയാക്കേണ്ടതാണ്.
പ്രത്യേക മുറിയും ബാത്ത്റൂമും ഉപയോഗിക്കുക. പൊതുവായി ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ മാസ്കുപയോഗിക്കുകയും സാനിറ്റൈസ് ചെയ്യുകയും വേണം. പൊതു ബാത്ത്റൂം ഉപയോഗിക്കുമ്പോൾ ഇരിക്കുന്നിടം സാനിറ്റൈസ് ചെയ്യുക. വാതിലിന്‍റയും മറ്റും പിടികൾ വൃത്തിയാക്കുക. കോവിഡ് രോഗികൾക്കുള്ള ഭക്ഷണം മുറിക്കു പുറത്തു വയ്ക്കുക. ഡിസ്പോസിബിൾ പാത്രങ്ങൾ മാത്രം ഉപയോഗിക്കുക. അവശിഷ്ടങ്ങൾ ഒഴിവാക്കുമ്പോൾ സാനിറ്റൈസർ ഉപയോഗിക്കുക.
രോഗിയുടെ കൂടെ വീട്ടിൽ കഴിയുന്നവർ മാസ്ക് നിർബന്ധമായും ഉപയോഗിക്കണം. വസ്ത്രങ്ങൾ കഴുകാനെടുക്കുമ്പോൾ ഏറെ ശ്രദ്ധിക്കുക.
മാനസികാരോഗ്യം മെച്ചപ്പടുത്തുന്നതിനായും ശ്രദ്ധിക്കേണ്ടതാണ്. രോഗം നിയന്ത്രിച്ചു മാറ്റാവുന്നതാണെന്ന് ഓർക്കുക. കുടുംബ ഡോക്റ്റർമാരുമായി ബന്ധപ്പെടുക. സാമൂഹിക അകലം പാലിക്കുമ്പോഴും ഡിജിറ്റൽ സൗകര്യങ്ങൾ ഉപയോഗിച്ച് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും നിരന്തരം ബന്ധപ്പെടുക. പരമാവധി വിശ്രമിക്കുക. ചെറിയ വ്യായാമങ്ങളിൽ ഏർപ്പെടുക. പുസ്തകങ്ങൾ വായിക്കുക. ധ്യാനിക്കുക.