മാൾ അല്ല, ഇത് ദുബായ് ബസ് സ്റ്റേഷൻ!

ദുബായ് : ഷോപ്പിങ് മാളുകളെ വെല്ലുന്ന ആഡംബരവുമായി ആധുനിക സംവിധാനങ്ങളോടെ ദുബായിൽ വമ്പൻ ബസ് സ്റ്റേഷനുകൾ തുറന്നു. അൽ ജാഫ്‌ലിയ, ഇത്തിസലാത്ത്, യൂണിയൻ എന്നിവിടങ്ങളിലാണ് പുതുതലമുറ ബസ് സ്റ്റേഷനുകൾ പൂർത്തിയായതെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) ചെയർമാൻ മത്താർ അൽ തായർ .

സ്റ്റേഷനുകൾക്കുള്ളിൽ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, സർവീസ് പോയിന്‍റുകൾ, ഓഫിസുകൾ, തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മികച്ച രൂപകൽപ്പനയിലാണ്
ഈ സ്റ്റേഷനുകൾ. രണ്ട് നിലകളിലാണ് അൽ ജാഫ്‌ലിയ സ്റ്റേഷൻ. താഴെ ബസ് ടെർമിനൽ. 19,000 ചതുരശ്രമീറ്ററിൽ ഓഫീസ് ഉൾപ്പെടെസൗകര്യങ്ങളുണ്ട്. വേൾഡ് ട്രേഡ് സെന്‍റർ, ദുബായ് ഫ്രെയിം, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്, സബീൽ പാർക്ക് എന്നിവയ്ക്ക് അടുത്തായാണ് സ്റ്റേഷൻ.

ബസുകൾക്ക് ആറ് സ്ലോട്ടുകൾ, 503 വാഹനപാർക്കിങ് സ്ഥലങ്ങൾ, 30 ബൈക്കുകൾക്കുള്ള ഡോക്കിങ് സ്റ്റേഷനുമുണ്ട്. സ്റ്റേഷനിൽ 7000 യാത്രക്കാരെ ഉൾക്കൊള്ളാനാവും. പ്രതിദിനം 4500 യാത്രക്കാർ സ്റ്റേഷൻ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷ. എക്സ്‌പോ 2020 വേളയിൽ യാത്രക്കാരുടെ എണ്ണം 6000 വരെ വർധിക്കാനും സാധ്യതയുണ്ട്. ഈ സ്റ്റേഷനിൽ അഞ്ച് ബസ് റൂട്ടുകളാണുള്ളത്. എക്സ്‌പോ സമയത്ത് ഇത് ആറായി ഉയർത്തും.

2180 ചതുരശ്രമീറ്റർ വിസ്തൃതിയിൽ മൂന്ന് കെട്ടിടങ്ങളാണ് യൂണിയൻ ബസ് സ്റ്റേഷനുള്ളത്. ദുബായ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ കൂടിച്ചേരുന്ന യൂണിയൻ മെട്രോ സ്റ്റേഷനുമായി ഇത് ബന്ധിപ്പിച്ചിട്ടുണ്ട്. നെയ്ഫ്, ദേര, അൽറാസ് സമീപമായാണ് പുതിയ സ്റ്റേഷൻ. ഓഫീസ്, കസ്റ്റമർ സർവീസ് ലോഞ്ച്, 14 ബസ് സ്ലോട്ടുകൾ, 46 പാർക്കിങ് സ്ഥലങ്ങൾ, 20 ബൈക്ക് റാക്ക്, എന്നിവയും ഇവിടെയുണ്ട്. 7500 യാത്രക്കാരെ ഉൾക്കൊള്ളാനാവും. പ്രതിദിനം 5400 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നതെങ്കിലും എക്സ്‌പോ 2020 സമയത്ത് അത് 7150 ആകാനാണ് സാധ്യതയെന്ന് അധികൃതർ പറഞ്ഞു. ഏഴ് ബസ് റൂട്ടുകളാണ് ഇവിടെനിന്നുള്ളത്. എക്സ്‌പോ വേളയിൽ ഇത് എട്ടായി ഉയരും.

ദുബായ് മെട്രോ ഗ്രീൻ ലൈനിലെ ഇത്തിസലാത്ത് മെട്രോ സ്റ്റേഷനുമായി പുതിയ ബസ് സ്റ്റേഷൻ ബന്ധിപ്പിച്ചിരിക്കുന്നു. 708 ചതുരശ്രമീറ്ററിൽ ഓഫീസ് ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്. 24 ബസ് സ്ലോട്ടുകളും 50 ബൈക്ക് റാക്കുകളുമുണ്ട്. 4500 യാത്രക്കാരെ ഉൾക്കൊള്ളാനാവും. ദിവസം 3000 പേരെയും എക്സ്‌പോ വേളയിൽ 4100 യാത്രക്കാരുമാകുമെന്നാണ് പ്രതീക്ഷ. ഇവിടെനിന്ന് ഏഴ് ബസ് റൂട്ടുകളുണ്ട്. അവ എക്സ്‌പോ സമയത്ത് എട്ടായിമാറും.