തിരുവനന്തപുരം.
പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാനത്ത് ഭരണ, പ്രതിപക്ഷകക്ഷികള്‍. കേരളത്തില്‍ സി.എ.എ നിയമം നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന് ആവര്‍ത്തിച്ചു.
ജനങ്ങളില്‍ ഭിന്നിപ്പും ഭീതിയുമുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സംഘപരിവാര്‍ ശക്തികളുടെ ശ്രമങ്ങളെ കോണ്‍ഗ്രസും യു.ഡി.എഫും ചെറുക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന് അറിയിച്ചു. യു.ഡി.എഫ് മണ്ഡലതലങ്ങളില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നാളത്തെ മണ്ഡലതല പ്രതിഷേധം.
പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ കേരളത്തിന്റേതാണ്. സംസ്ഥാനത്ത് എന്‍പിആര്‍ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച സര്‍ക്കാരാണ് കേരളത്തിലേത്. സിഎഎയിലെ ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സ്യൂട്ട് ഫയല്‍ ചെയ്യുകയും മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ ദേശീയപാതയില്‍ മനുഷ്യ ചങ്ങല തീര്‍ക്കുകയും ചെയ്തു. ജനകീയ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും കണക്കികെടുക്കാതെ വര്‍ഗീയ അജണ്ട നടപ്പാക്കും എന്ന വാശിയാണ് സംഘപരിവാര്‍ കാണിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംഘപരിവാറിന്റെ ഹിന്ദുത്വ വര്‍ഗ്ഗീയ അജണ്ടയുടെ ഭാഗമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ. പാകിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31 നോ അതിന് മുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിം ഇതര മത വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് പൗരത്വം നല്‍കുകയും ഇസ്ലാം മതവിശ്വാസികള്‍ക്കു മാത്രം പൗരത്വം നിഷേധിക്കുകായും ചെയ്യുന്നത് ഭരണഘടനയുടെ നഗ്നമായ ലംഘനമാണ്. മതാടിസ്ഥാനത്തില്‍ ഇന്ത്യന്‍ പൗരത്വത്തെ നിര്‍വ്വചിക്കുകയാണ്. ഇത് മാനവികതയോടും രാജ്യത്തിന്റെ പാരമ്പര്യത്തോടും ജനങ്ങളോടുമുള്ള തുറന്ന വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.