യാത്രാവിലക്ക്; റിയാദില്‍ നിന്നു മാത്രം ഇന്ത്യയിലേക്ക് 35 സര്‍വീസുകള്‍ മുടങ്ങി, യാത്ര മുടങ്ങിയത് പതിനായിരങ്ങള്‍ക്ക്

റിയാദ്: വിമാനയാത്രാവിലക്ക് ഈ മാസം 30 വരെ തുടര്‍ന്നാല്‍ സൗദിയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്ര അവതാളത്തിലാകുന്നത് പതിനായിരങ്ങള്‍ക്ക്.
ഈ മാസം 21 മുതല്‍ 31 വരെ റിയാദില്‍ നിന്നു മാത്രം ഇന്ത്യയിലേക്ക് ചാര്‍ട്ടേഡ് വിമാനങ്ങളുടെ 31 സര്‍വീസുണ്ടായിരുന്നു. ഇതിലേക്ക് ആറായിരത്തോളം പേര്‍ ടിക്കറ്റും എടുത്തു. ഡല്‍ഹി- 9, ലഖ്നൗ-11, ഹൈദരബാദ്-2, മുംബൈ-1, കോഴിക്കോട്-3, കൊച്ചി-1, തിരുവനന്തപുരം-5 എന്നിങ്ങനെയാണ് ഈ മാസം 21 മുതല്‍ 30വരെ റിയാദില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളുണ്ടായിരുന്നത്. വന്ദേഭാരതിന്റെ മൂന്നു വിമാനങ്ങളിലായി അറുന്നൂറോളം പേരും ബുക്ക് ചെയ്തിരുന്നു.
ഡല്‍ഹിയിലേക്കും ലഖ്നൗവിലേക്കും രണ്ടു ദിവസങ്ങളിലായി ഒരു വിമാനം പറക്കുന്നുണ്ട്. ഗോ- എയര്‍, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് എന്നിവയാണവ. മാസത്തില്‍ രണ്ട് വിമാനങ്ങള്‍ മുംബൈയിലേക്കും പറക്കുന്നുണ്ട്. ഹൈദരബാദിലേക്ക് മാസത്തില്‍ നാലെണ്ണമാണ് സര്‍വീസ് നടത്തുന്നത്.
ഇതെല്ലാം റിയാദില്‍ നിന്നു നേരിട്ടാണ്. അതേസമയം കൊല്‍ക്കത്ത പോലുള്ള നഗരങ്ങളിലേക്ക് പോകേണ്ടവര്‍ യു.എ.ഇയുമായി കണക്ട് ചെയ്തുള്ള വിമാനങ്ങളിലാണ് പോകുന്നത്.
ദമ്മാമില്‍ നിന്ന് മംഗലാപുരത്തേക്കും കണ്ണൂരിലേക്കും സര്‍വീസുണ്ട്. ജിദ്ദയില്‍ നിന്നും സര്‍വീസുണ്ട്. റിയാദില്‍ നിന്ന് രണ്ട് ദിവസത്തില്‍ ഒരിക്കല്‍ കോഴിക്കോട്ടേക്ക് വിമാനമുണ്ട്.
ഡല്‍ഹി, ലഖ്നൗ, കോഴിക്കോട്, തിരുവന്തപുരം എന്നിവിടങ്ങളിലേക്കാണ് റിയാദില്‍ നിന്നു കൂടുതല്‍ വിമാന സര്‍വീസുള്ളതെന്ന് ട്രാവല്‍ ഏജന്റും ജനറല്‍ സര്‍വീസ് സ്ഥാപന ഉടമയുമായ അസീസ് കടലുണ്ടി പ്രവാസി വീക്ഷണത്തോട് പറഞ്ഞു. ടിക്കറ്റെടുത്തവര്‍ക്ക് യാത്രാവിലക്ക് മാറുമ്പോള്‍ ഫ്ലൈറ്റ് ക്രമമനുസരിച്ച് യാത്ര ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.
അപ്രതീക്ഷിതമായി യാത്രാവിലക്ക് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഈ മാസം 21ന് നാട്ടില്‍ പോകേണ്ടിയിരുന്ന നിരവധി പേര്‍ക്ക് എയര്‍പോര്‍ട്ടില്‍ പോയി മടങ്ങേണ്ടി വന്നു. ബുറൈദയില്‍ നിന്നടക്കമുള്ളവര്‍ യാത്രാവിലക്ക് മാറുമെന്ന പ്രതീക്ഷയില്‍ റിയാദില്‍ താമസിക്കുന്നവരുമുണ്ട്.