ഫൈസർ വാക്സിൻ ആദ്യ ഡോസ് പ്രവർത്തിക്കാൻ 12 ദിവസം മാത്രം

ദുബായ്: കോവിഡ് പ്രതിരോധ വാക്സിൻ പ്രവർത്തന മികവിൽ പുതിയ നേട്ടവുമായി ഫൈസർ ആൻഡ് ബയോടെക്. ആദ്യ ഡോസ് സ്വീകരിച്ച് 12 ദിവസം പിന്നിടുമ്പോൾ മുതൽ വാക്സിൻ പ്രവർത്തിച്ചു തുടങ്ങുമെന്ന് കമ്പനിയുടെ ഗൾഫ് മേഖല മേധാവി ലിൻഡ്സേ ഡീറ്റ്ഷി സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു.

12 ദിവസം കഴിയുമ്പോൾ വാക്സിന്‍റെ ഗുണം ഭാഗികമായി ലഭിച്ചുതുടങ്ങും. അതേസമയം, വാക്സിന്‍റെ പൂർണ പ്രയോജനം കിട്ടാൻ രണ്ടു ഡോസും സ്വീകരിക്കണം. രണ്ടു ഡോസ് വാക്സിന്‍റെ ഫലസിദ്ധി 95 ശതമാനമാണെന്ന് മൂന്നാംഘട്ടം പരീക്ഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ആഗോളതലത്തിൽ വാക്സിന്‍റെ ആവശ്യം വർധിച്ച സാഹചര്യത്തിൽ നിർമാണവും കൂട്ടാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ, ലോകവ്യാപകമായി 200 കോടി വാക്സിനുകൾ നൽകാനുള്ള ശ്രമത്തിലാണ് ഫൈസർ ആൻഡ് ബയോടെക്.