ദുബായ് സ്മാർട്ടാകുന്നു, കടലാസ്‌രഹിത വിപ്ലവത്തിലൂടെ…!

ദുബായ്: ഗവൺമെന്‍റ് ഓഫിസുകളിൽ നിന്നും സ്ഥാപനങ്ങളിൽനിന്നും കടലാസിനെ പൂർണമായും പുറത്താക്കി കടലാസ് രഹിത വിപ്ലവത്തിലേക്കുള്ള ശ്രമങ്ങൾ ഊർജിതമാക്കി ദുബായ് നഗരം. ഈ വർഷം അവസാനത്തോടെ കടലാസിനെ പൂർണമായും ഒഴിവാക്കി സമ്പൂർണ ഡിജിറ്റൽ നഗരമാകുകയെന്നതാണ് ദുബായ് ലക്ഷ്യമിടുന്നത്. 2021 ഡിസംബർ 12നു ശേഷം ദുബായിലെ ഗവൺമെന്‍റ് സ്ഥാപനങ്ങളിൽനിന്ന് യാതൊരു രേഖകളും കടലാസിൽ ലഭിക്കുന്നതല്ല.

പദ്ധതി നടപ്പാക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും കടലാസ് ഉപയോഗത്തിൽ ആകെ ഉണ്ടായ കുറവ് 82.82 ശതമാനമാണ്. ഇതിന്‍റെ ഫലമായി 26.9 കോടി ഷീറ്റുകൾ ലാഭിച്ചു. ഈതുവഴി 113 കോടി ദിർഹവും 1.21 കോടി മണിക്കൂർ അധ്വാനവും 32388 വൃക്ഷങ്ങളും ലാഭിക്കാൻ കഴിഞ്ഞു.

ദുബായിലെ പ്രധാന ഡിപ്പാർട്ട് മെന്‍റുകളെല്ലാം 2020 ഡിസംബറോടെ കടലാസ് ഉപയോഗം 83.86 ശതമാനം കുറച്ചിരുന്നു.

ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി, ദുബായ് മുനിസിപ്പാലിറ്റി, ദുബായ് സ്പോർട്സ് കൗൺസിൽ, ദുബായ് സ്റ്റാറ്റിസ്റ്റിക്സ് സെന്‍റർ എന്നിവയ്ക്ക് ഇതിനകം 100 ശതമാനം ഡിജിറ്റൽ സ്റ്റാമ്പ് നൽകിയിട്ടുണ്ട്.