ബാഴ്സലോണ ക്ലബിനൊപ്പം ഇനി മെസ്സി പരിശീലനത്തിന് ഇറങ്ങില്ല

മെസ്സി ബാഴ്സലോണ ക്ലബ് വിടാൻ ഉറപ്പിച്ചതായി വാർത്ത. താൻ ക്ലബ് വിടാൻ ഉദ്ദേശിക്കുന്നു എന്നും അതിനുള്ള സഹായങ്ങൾ ചെയ്യണം എന്നും മെസ്സി ആവശ്യപ്പെട്ടു. ക്ലബിനൊപ്പം ഇനി മെസ്സി പരിശീലനത്തിന് ഇറങ്ങില്ല എന്നും താരം പറഞ്ഞതായി വാർത്തകൾ വരുന്നുണ്ട്.

ബാഴ്സലോണ ക്ലബിന്റെ കയ്യിൽ നിന്ന് കാര്യങ്ങൾ പൂർണ്ണമായും പോവുകയാണ്‌ എന്ന് വേണം മനസ്സിലാക്കാൻ. കോമ്മാൻ പരിശീലകനായി എത്തി എങ്കിലും മെസ്സി ക്ലബിൽ തുടരാൻ ഇഷ്ടപ്പെടുന്നില്ല എന്നാണ് അറിയിച്ചത്. ബാഴ്സലോണ വിടാൻ തന്റെ ജൂലൈയിൽ അവസാനിച്ച റിലീസ് ക്ലോസ് നീട്ടി തരണം എന്ന് മെസ്സിയുടെ വക്കീലും ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ വരെ മെസ്സിക്ക് ഇഷ്ടമുള്ളപ്പോൾ കരാർ റദ്ദാക്കി ക്ലബ് വിടാൻ അവകാശമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മെസ്സി ക്ലബ് വിടണം എങ്കിൽ 700 മില്യൺ റിലീസ് ക്ലോസാണ് ഉള്ളത്.

ബയേണെതിരായ 8-2ന്റെ പരാജയം ആണ് മെസ്സിയുടെ ക്ലബിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയത്. അവസാന കുറേ മാസങ്ങളായി ലയണൽ മെസ്സി ക്ലബിന്റെ പ്രവർത്തനങ്ങളിൽ അതീവ നിരാശയിലായിരുന്നു. ക്ലബിന്റെ ബോർഡിനെതിരെയും മെസ്സി നേരത്തെ തന്ന്ർ രംഗത്തു വന്നിരുന്നു. എന്തായാലും മെസ്സി ബാഴ്സ വിടും എന്ന വാർത്ത സത്യമായാൽ അത് ഫുട്ബോൾ ലോകത്തെ ആകെ ഞെട്ടിക്കും.