സൗദിയിൽ കാറിലിരുന്നും വാക്സിൻ എടുക്കാം

ജിദ്ദ: കാറിൽ ഇരുന്ന് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കുന്ന പദ്ധതിക്ക് സൗദിയിൽ തുടക്കമായി. റിയാദ്, മക്ക, മദീന, അബ്ഹ നഗരങ്ങളിൽ ഞായറാഴ്ച മുതൽ ഈ സേവനം ലഭ്യമായിത്തുടങ്ങി. സിഹത്തി മൊബൈൽ ആപ്പിൽ രജിസ്റ്റർ ചെയ്ത് സമയം അനുവദിച്ച് കിട്ടിയവർക്കാണ് ഈ സേവനം ലഭിക്കുക. സ്വദേശികൾക്കും വിദേശികൾക്കും ഇത് പ്രയോജനപ്പെടുത്താം. ഇപ്പോഴുള്ള മറ്റ് വാക്സിൻ കേന്ദ്രങ്ങൾ അതുപോലെ തുടരും.

കോവിഡ്-19നെതിരേയുള്ള പ്രതിരോധ വാക്സിനേഷൻ പ്രചാരണത്തിന്‍റെ രണ്ടാംഘട്ടം ഫെബ്രുവരി 18നാണ് മന്ത്രാലയം ആരംഭിച്ചത്. നിർമാതാക്കളുടെ ഭാഗത്തുനിന്ന് കാലതാമസമുണ്ടായതിനാൽ ഒരു മാസം താത്കാലികമായി നിർത്തിവച്ചശേഷം ഇപ്പോഴാണ് ഇത് പുനരാംരഭിച്ചത്.

വാക്സിൻ ലഭക്കുന്നതിനായി അപേക്ഷ രജിസ്റ്റർ ചെയ്ത സ്വദേശികളുടെ എണ്ണം രണ്ടു ദശലക്ഷം കവിഞ്ഞു. രാജ്യത്തെ വിവിധ മേഖലകളിൽ കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ ഒരുക്കുന്ന നടപടികൾ ആരോഗ്യമന്ത്രാലയത്തിനു കീഴിൽ തുടരുകയാണ്. 780000 ത്തിൽ ഏറെ പേർ ഇതിനോടകം വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. 2.6 കോടി പൗരന്മാർക്ക് ഈ വർഷം അവസാനത്തോടെ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാക്കാനാകുമെന്നാണ് ആരോഗ്യ മന്ത്രാലയം കണക്കാക്കുന്നത്.