മരണം വരെ ബിജെപിക്കൊപ്പം പോകില്ല: നിതീഷ് കുമാര്‍

പട്ന : ജീവിച്ചിരിക്കുന്നതു വരെ താന്‍ ബിജെപിയുമായി വീണ്ടും കൂട്ടുകൂടില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.

‘മരണം വരെ ബിജെപിക്കൊപ്പം പോകില്ല. ഞാന്‍ മരണം സ്വീകരിക്കും എന്നാല്‍ ബിജെപിക്കൊപ്പം പോകില്ല’, മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയാവാന്‍ തനിക്ക് ആഗ്രഹമില്ലായിരുന്നെന്നും, എന്നാല്‍ ബിജെപി തന്നെ ബലമായി മുഖ്യമന്ത്രിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയുടെ ഇപ്പോഴത്തെ നേതൃത്വത്തെയും നിതീഷ് വിമര്‍ശിച്ചു. അടല്‍ ബിഹാരി വാജ്‌പേയിയുടെയും ലാല്‍ കൃഷ്ണ അദ്വാനിയുടെയും കാലഘട്ടവുമായി താരതമ്യപ്പെടുത്തിയായിരുന്നു മുഖ്യന്റെ വിമര്‍ശനം. ‘ഞങ്ങള്‍ അടല്‍ ബിഹാരി വാജ്‌പേയിയെയും, ലാല്‍ കൃഷ്ണ അദ്വാനിയെയും ബഹുമാനിച്ചിരുന്നു, അതിനാല്‍ അവര്‍ക്ക് എപ്പോഴും അനുകൂലമായിരുന്നു,’ അദ്ദേഹം അഭിപ്രായപ്പെട്ടു.

നിതീഷ് കുമാറുമായി ഇനി സഖ്യത്തില്‍ ഏര്‍പ്പെടുന്ന പ്രശ്നം ഉദിക്കുന്നില്ലെന്ന് ബിജെപി ബീഹാര്‍ ഘടകം അദ്ധ്യക്ഷന്‍ ജയ്സ്വാള്‍ നേരത്തെ പറഞ്ഞിരുന്നു. ‘നിതീഷ് കുമാര്‍ ജനപ്രീതി നേടിയിട്ടില്ല. അദ്ദേഹത്തിന്റെ ജനപ്രീതി ഇല്ലായ്മയാണ് 2020ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയുവിന് നിരവധി സീറ്റുകള്‍ നഷ്ടമാക്കിയത്,’ ബി ജെ പി അദ്ധ്യക്ഷന്‍ പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പുകളില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവച്ചതായി ജയ്സ്വാള്‍ പറഞ്ഞു.

എന്നാല്‍ ബി ജെ പിയുമായി സഖ്യം കൂടില്ലെന്ന് ഇതിന് മുന്‍പും നിതീഷ് കുമാര്‍ പറഞ്ഞിട്ടുണ്ട്.

മുന്‍പ് ബി ജെ പിയുമായുള്ള സഖ്യം ഉപേക്ഷിച്ച്‌ മഹാഗത്ബന്ധനുമായി കൈകോര്‍ത്തതിന് ശേഷം ‘എന്റെ ജീവിതത്തിലുടനീളം ഞാന്‍ ഒരു തരത്തിലും ഈ ആളുകള്‍ക്കൊപ്പം പോകില്ല, ഞങ്ങള്‍ എല്ലാവരും സോഷ്യലിസ്റ്റുകളാണ്, ഞങ്ങള്‍ ഒരുമിച്ച്‌ നില്‍ക്കും, ഞങ്ങള്‍ ബീഹാറില്‍ പുരോഗതി പ്രാപിക്കും. രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കും.’ എന്നായിരുന്നു നിതീഷിന്റെ പ്രതികരണം.