ആരോഗ്യപ്രവർത്തകർക്ക് നൽകിയ സൗജന്യ ടിക്കറ്റ് കാലാവധി 2022 മാർച്ചിലേക്ക് നീട്ടി

ദോഹ: കോവിഡ് കാലത്ത് മികച്ച പ്രകടനം കാഴ്ചവച്ച ആരോഗ്യപ്രവർത്തകർക്ക് സമ്മാനമായി നൽകിയ സൗജന്യ വിമാനടിക്കറ്റുകളുടെ കാലാവധി നീട്ടി നൽകി ഖത്തർ എയർവേയ്സ്. നേരത്തേ പ്രഖ്യാപിച്ച ഒരുലക്ഷം ടിക്കറ്റുകൾക്കാണ് കാലാവധി നീട്ടി നൽകുക. കോവിഡ് വ്യാപന സാഹചര്യമായതിനാൽ പലർക്കും ഇക്കാലയളവിൽ യാത്ര ചെയ്യാൻ സാധിച്ചില്ലെന്നതുകൊണ്ടാണിത്. ഇതുപ്രകാരം 2021 സെപ്റ്റംബർ 30 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. യാത്രാ കാലാവധി 2022 മാർച്ച് 31 വരെ.

കഴിഞ്ഞ വർഷം മേയ് 12ന് ലോക നഴസ് ദിനത്തിലായിരുന്നു ഖത്തർ എയർവേയ്സ് താങ്ക്‌യൂ എന്ന പ്രത്യേക പദ്ധതിക്കു കീഴിൽ ആരോഗ്യപ്രവർത്തകർക്ക് സമ്മാന പ്രഖ്യാപിച്ചത്. കോവിഡ് രോഗ ബാധിതർക്കായി ജീവിതം സമർപ്പിച്ച ആരോഗ്യപ്രവർത്തകരെ ആദരിക്കുന്നതിന്‍റെ ഭാഗമായായിരുന്നു ഇത്.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആരോഗ്യപ്രവർത്തകർക്കാണ് സൗജന്യ ടിക്കറ്റ് സമ്മാനമായി നൽകിയത്.