നേരിട്ടുള്ള സന്ദർശനം ഒഴിവാക്കണം: ഇന്ത്യൻ കോൺസുലേറ്റ്

ദുബായ്: തീർത്തും ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളിൽ ഒഴികെ നേരിട്ടുള്ള സന്ദർശനം ഒഴിവാക്കണമെന്ന് പ്രവാസികളോട് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് വിദേശ ഇന്ത്യാക്കാർക്കുള്ള നിർദേശം. അതേസമയം, ഇലക്‌ട്രോണിക് മാധ്യമങ്ങൾ വഴി കോൺസുലാർ സേവനങ്ങൾ ലഭ്യമാണെന്നും പരമാവധി ഇത് പ്രയോജനപ്പെടുത്തണമെന്നും കോൺസുലേറ്റ് ട്വിറ്ററിൽ അറിയിച്ചു.

യുഎഇയിലെ വലിയ പ്രവാസി സമൂഹമെന്ന നിലയ്ക്ക് ഇന്ത്യക്കാർ ഇവിടത്തെ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കണമെന്ന് കോൺസുലേറ്റ് അഭ്യർഥിച്ചു. മാസ്ക്കുകൾ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൂട്ടായ്മകൾ ഒഴിവാക്കുകയും വേണം.

ദുബായിലും വടക്കൻ എമിറേറ്റുകളായ ഷാർജ, അജ്മാൻ, റാസ് അൽ ഖൈമ, ഫ്യുജയ്റ തുടങ്ങിയ ഇടങ്ങളിലുമായി 26 ലക്ഷത്തോളം ഇന്ത്യക്കാർക്ക് ഇന്ത്യൻ കോൺസുലേറ്റിന്‍റെ സേവനങ്ങൾ ലഭ്യമാണ്. ബുദ്ധിമുട്ടുകൾ നേരിടുന്ന ഇന്ത്യക്കാർക്ക് പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം (പിബിഎസ്കെ) വഴി 24 മണിക്കൂറും സേവനമുണ്ട്.

കോൺസുലേറ്റുമായി ബന്ധപ്പെടാൻ:

800 46342 എന്ന ടോൾഫ്രീ നമ്പറിലും പിബിഎസ്കെയുടെ മൊബൈൽ ആപ്ലിക്കേഷനിലും സേവനങ്ങൾ ലഭിക്കും. pbsk.dubai@mea.gov.in ആണ് മെയ്‌ൽ ഐഡി. വാട്സ്ആപ്പ് മെസേജ് അയക്കേണ്ടത് 971543090571 എന്ന നമ്പറിലാണ്.