പലസ്തീനിലെ ഗ്രാമീണര്‍ക്ക് സഹായമായി അയര്‍ലണ്ട് നല്‍കിയ സാധനസാമഗ്രികള്‍ ഇസ്രായേല്‍ തകര്‍ത്തു

പലസ്തീനിലെ ഗ്രാമീണര്‍ക്ക് സഹായമായി അയര്‍ലണ്ട് നല്‍കിയ സാധനസാമഗ്രികള്‍ ഇസ്രായേല്‍ തകര്‍ത്തു. ഐറിഷ് ലോഗോ ഉള്ള സോളാര്‍ പാനലുകള്‍, കുട്ടികള്‍ക്കായുള്ള വസ്തുക്കള്‍, ടെന്റുകള്‍ തുടങ്ങി അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ കൂട്ടമായി നല്‍കിയ സാധങ്ങളാണ് ഇസ്രായേല്‍ സൈന്യം നശിപ്പിച്ചത്. ഇസ്രായേല്‍ അധീനതയിലുള്ള West Bank പലസ്തീനിയന്‍ പ്രദേശമായ Khirbet Humash-ലുള്ള Bedouin-ലാണ് സംഭവം. പ്രദേശത്തെ നാട്ടുകാര്‍ക്കുള്ള വാസസ്ഥലങ്ങളടക്കം ഇസ്രായേല്‍ നശിപ്പിക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തതായി യൂറോപ്യന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ ഗ്രാമം നിയമവിരുദ്ധമാണെന്നാണ് ഇസ്രായേല്‍ വാദിക്കുന്നത്.

ചെമ്മരിയാടുകള്‍, ആടുകള്‍ എന്നിവയെ വളര്‍ത്തിയാണ് ഈ നാട്ടുകാര്‍ ഉപജീവനം നടത്തുന്നത്. തണുപ്പുകാലത്ത് കന്നുകാലികളെ സുരക്ഷിതമായി പാര്‍പ്പിക്കാനുള്ള വസ്തുക്കളും യൂറോപ്യന്‍ യൂണിയന്‍ സംഭാവന ചെയ്തിരുന്നു. ഒരു ഡസനോളം കുടുംബങ്ങളാണ് ഇവിടെ താമസം. ഇതുവരെ 689 നിര്‍മ്മിതികളും സാമഗ്രികളുമാണ് ഇസ്രായേല്‍ ഇവിടെ നശിപ്പിച്ചത്. പത്ത് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ നാശനഷ്ടമെന്നാണ് UN സംഭവത്തെ വിശേഷിപ്പിച്ചത്. 869 പലസ്തീനി സ്വദേശികള്‍ക്ക് ഇതോടെ വാസസ്ഥലം നഷ്ടമായി.

ഗ്രാമത്തിലെ കന്നുകാലി കൂടുകള്‍, സോളാര്‍ പാനലുകള്‍, ശൗചാലയങ്ങള്‍, ടെന്റുകള്‍ എന്നിവ ഇസ്രായേല്‍ നശിപ്പിക്കാന്‍ തുടങ്ങിയത് നവംബര്‍ 3 മുതലാണ്. ഫെബ്രുവരി 3-ന് ബുള്‍ഡോസറുകളുമായെത്തിയാണ് ഇസ്രായേലി സൈനികര്‍ വീടുകളും കന്നുകാലികളെ സൂക്ഷിക്കുന്ന കൂടുകളും തകര്‍ത്തത്. ഫെബ്രുവരി 16 വീണ്ടുമെത്തിയ സൈന്യം സോളാര്‍ പാനലുകള്‍, ടെന്റുകള്‍ അടക്കം അയര്‍ലണ്ടും യൂറോപ്യന്‍ യൂണിയനും സംഭാവന ചെയ്ത സാമഗ്രികള്‍ നശിപ്പിച്ചു. യൂറോപ്യന്‍ യൂണിയന്‍ നയതന്ത്രപ്രതിനിധികള്‍ പ്രദേശം സന്ദര്‍ശിച്ചപ്പോഴാണ് ഇസ്രായേലിന്റെ ക്രൂരത പുറംലോകം അറിയുന്നത്.

അതേസമയം അടുത്തയാഴ്ച ബ്രസ്സല്‍സില്‍ ചേരുന്ന ഇയു വിദേശമന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ പ്രശ്‌നം ചര്‍ച്ചാവിഷയമായേക്കില്ല. റഷ്യയുമായുള്ള ബന്ധം, മ്യാന്‍മറിലെ പട്ടാളം അട്ടിമറി, എത്യോപ്യയിലെ അക്രമം തുടങ്ങിയവയാണ് ചര്‍ച്ചയ്‌ക്കെടുക്കുക.