ദുബായ്: അറബ് ജനതയുടെ സ്വപ്നസാക്ഷാത്കാരത്തിന് മണിക്കൂറുകൾ മാത്രം ബാക്കി; ചൊവ്വയിലേക്കുള്ള യുഎഇയുടെ ആദ്യ ദൗത്യം ഹോപ്പ് പ്രോബ് നാളെ ചൊവ്വയിലേക്കു പ്രവേശിക്കും. ആറുവർഷം നീണ്ട പ്രയത്നത്തിനൊടുവിൽ ബഹിരാകാശത്തെത്തിച്ച പേടകം ലക്ഷ്യം കാണുമെന്ന പ്രതീക്ഷയിലാണ് ഇമിറാത്തി ജനതയും അറബ് ലോകവും.
ഏഴുമാസം മുൻപാണ് ഹോപ്പ് പ്രോബിനെ ബഹിരാകാശത്തെത്തിച്ചത്. രാഷ്ട്ര രൂപീകരണത്തിന്റെ സുവർണജൂബിലി വർഷത്തിൽ യുഎഇക്കിത് സ്വപ്നതുല്യനേട്ടം. ശാസ്ത്രമേഖലയിലെ അറേബ്യൻ ജനതയുടെ മുന്നേറ്റത്തിന്റെ പ്രതിഫലനം കൂടിയാണ് യുഎഇയുടെ ചൊവ്വാ പ്രവേശനത്തിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. വൈകിട്ട് 7.42നാണ് ഹോപ്പ് പ്രോബ് ചൊവ്വയിലേക്കു പ്രവേശിക്കുക. അറബ് ലോകത്തുനിന്ന് ചൊവ്വയിലേക്കുള്ള ആദ്യ ദൗത്യം കൂടിയാണിത്.
ചൊവ്വാഗ്രഹ പ്രവേശനത്തിന് ആശംസകളുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുവന്ന വിളിക്കുകൾ തെളിയിക്കുന്നുണ്ട്. ഖസർ അൽ വതൻ പാലസ് ചുവന്ന അലങ്കാരവിളക്കുകളാൽ പ്രഭാപൂരിതമായി. വീടുകളും സർക്കാർ സ്ഥാപനങ്ങളും ടൂറിസം കേന്ദ്രങ്ങളും ഓഫിസുകളുമെല്ലാം ചുവപ്പണിഞ്ഞിരിക്കുകയാണ്. ദൗത്യത്തിന്റെ തീം നിറമായ ചുവപ്പിനെ രാജ്യം ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. ബുർജ് ഖലീഫ, ബുർജ് അൽ അറബ്, ഗ്ലോബൽ വില്ലേജ്, ദുബായ് ഫ്രെയിം, പൊലീസ് ഹെഡ്ക്വാർട്ടേഴ്സ്, അബുദാബി ഖസർ അൽ വതൻ പാലസ്, ഖലീഫ യൂനിവേഴ്സിറ്റി, യാസ് ഐലൻഡ്, ശൈഖ് സായിദ് പാലം തുടങ്ങിയവയെല്ലാം ചുവപ്പുമയമാണ്. രാഷ്ട്ര നേതാക്കളുടെയും സർക്കാർ ഓഫിസുകളുടെയും പ്രൊഫൈൽ ചിത്രങ്ങളിലെല്ലാം ഹോപ്പ് മയമാണ്.
ആശംസകളുമായി ഇതര അറബ് രാജ്യങ്ങളുമുണ്ട്. ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ പ്രധാന സർക്കാർ ഓഫിസുകൾ ചുവപ്പുനിറമണിഞ്ഞ് പിന്തുണ അറിയിച്ചു. സൗദി റിയാദിലെ ടക്ഹാസുസി സ്ട്രീറ്റ്, ബഹ്റൈൻ വേൾഡ് ട്രേഡ് സെന്റർ, കുവൈത്ത് ടവർ, ഈജിപ്റ്റിലെ കെയ്റോ ടവർ, ജോർദാനിലെ റോമൻ തിയറ്റർ, ബഗ്ദാദിലെ ഇറാഖ് മ്യൂസിയം, ബഗ്ദാദ് ബാൾ തുടങ്ങിയവയെല്ലാം ചുവന്നുതുടുത്തിട്ടുണ്ട്. വിവിധ രാഷ്ട്രനേതാക്കളും ആശംസയർപ്പിച്ചു.