ഇനി ടിവിയിൽ കാണാം, ബൂട്ടുകെട്ടിയ സൗദി വനിതകളെ

ജിദ്ദ: സൗദി വനിതാ ഫുട്ബോൾ ലീഗ് ടിവിയിൽ സംപ്രേഷണം ചെയ്യാൻ തീരുമാനം. സൗദി സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ എക്സിക്യൂട്ടിവ് ഡയറക്റ്റർ ഷൈമ അൽ ഹുസൈനിയാണ് ഇക്കാര്യമറിയിച്ചത്. വനിതാ ലീഗ് രണ്ടാം എഡിഷന് കൂടുതൽ മാധ്യമശ്രദ്ധയുണ്ടാക്കാനുള്ള ശ്രമത്തിലാണെന്നും അവർ. മത്സരങ്ങൾ ടിവിയിൽ സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മീഡിയ പങ്കാളികളുമായി ചേർന്നുപ്രവർത്തിക്കുമെന്നും സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.

വനിതാ ഫുട്ബോളിനെ കൂടുതൽ ജനകീയമാക്കുന്ന തീരുമാനത്തോട് ഏറെ സന്തോഷത്തോടെയാണ് സൗദിയിലെ സ്ത്രീസമൂഹം പ്രതികരിച്ചത്. താൻ വളർന്നത് ഫുട്ബോളിന്‍റെ ലോകത്താണെന്നും ഈ വാർത്ത വളരെ സന്തോഷത്തോടെയാണ് കേൾക്കുന്നതെന്നും ലൗലുവ അൽ ഗുബായിഷ് എന്ന 25 വയസുകാരിയായ അധ്യാപിക പ്രതികരിച്ചു. സൗദിയിലെ വനിതാ ഫുട്ബോൾ ആരാധകർക്ക് ആഹ്ലാദകരമായ നടപടിയാണിതെന്നു പറഞ്ഞ അവർ കുഞ്ഞുനാൾ മുതൽ ഫുട്ബോൾ കാണുന്നുണ്ടെന്ന് പറഞ്ഞു. തന്‍റെ പിതാവ് അൽ ഇത്തിഹാദിന്‍റെ കളിക്കാരനായിരുന്നു. താനും അൽഇത്തിഹാദ് ആരാധികയാണ്. സൗദി കാലത്തിനൊപ്പം സഞ്ചരിക്കുകയാണ്. വനിതകൾ ഡ്രൈവ് ചെയ്യുകയും ഗോൾഫും ഫുട്ബോളും കളിക്കുകയും ചെയ്യുന്നു.

കുടുംബസമേതം ഫുട്ബോൾ ആരാധകരാണെന്നും വനിതാ ഫുട്ബോളിനു കിട്ടുന്ന പരിഗണനയിൽ അതിയായ സന്തോഷമുണ്ടെന്നും ബാസ്മ സയീദിയെന്ന 26 കാരി പറഞ്ഞു. സൗദി വിഷൻ 2030 ന്‍റെ ഭാഗമായി സ്ത്രീസമൂഹത്തിൽ വലിയ പുരോഗതിയുണ്ടാക്കാൻ കഴിഞ്ഞതായി അവർ ചൂണ്ടിക്കാട്ടി. വ്യത്യസ്ത മേഖലകളിൽ സ്ത്രീകൾ കരുത്താർജിക്കുകയാണ്. ഇതിന്‍റെ ഏറ്റവും വലിയ തെളിവാണ് വനിതാ ഫുട്ബോളിനു കിട്ടുന്ന പ്രാമുഖ്യം.

ഇക്കഴിഞ്ഞ നവംബറിൽ റിയാദ്, ജിദ്ദ, ദമ്മാം മേഖലകളിൽ നിന്നായി 24 ടീമുകൾ ചാംപ്യൻസ് കപ്പിൽ കളിച്ചിരുന്നു. ജേതാക്കളായ റിയാദ് ഫുട്ബോൾ ടീം ട്രോഫിയും 1,50000 സൗദി റിയാലും (40,000 യുഎസ്ഡി) സ്വന്തമാക്കി.