ദുബായിൽ ടൂറിസം, ഹോട്ടൽ മേഖലയിൽ കർശന നിയന്ത്രണം

ദുബായ്: കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ദുബായിൽ ടൂറിസം, ഹോട്ടൽ മേഖലയിൽ കടുത്ത നിയന്ത്രണത്തിന് അധികൃതർ. വെള്ളിയാഴ്ചകളിലെ ബ്രഞ്ച് ഈ മാസം 28 വരെ നിർത്തിവയ്ക്കാൻ ഹോട്ടലുകൾക്കും റസ്റ്ററന്‍റുകൾക്കും ടൂറിസം ഡിപ്പാർട്ട്മെന്‍റ് നിർദേശം നൽകി. ഉല്ലാസ നൗകകളിലും പാർട്ടികളിലും 10 പേരിൽ കൂടുതൽ പാടില്ല. നേരത്തേ ഇത് സൗകര്യങ്ങൾക്കനുസരിച്ച് അമ്പതുശതമാനംവരെയായിരുന്നു. വീഴ്ചവരുത്തുന്നവർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ്.

ഒരിടവേളയ്ക്കുശേഷം കോവിഡ് ബാധിതരുടെ എണ്ണം നാലായിരത്തോളം ഉയർന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. 3977 പുതിയ കേസുകൾ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ, രാജ്യത്തെ ആകെ കേസ് 313626 ആയി. ഷോപ്പിങ് മാളുകളിലും ഹോട്ടലുകളിലും പ്രവേശിക്കുന്നവരുടെ എണ്ണം തിങ്കളാഴ്ച മുതൽ ചുരുക്കിയിരുന്നു. ചൊവ്വാഴ്ച മുതൽ ബാറുകളും സിനിമാ തിയറ്ററുകളും പൂട്ടി. റസ്റ്ററന്‍റുകളും കഫേകളും കർശന നിയന്ത്രണങ്ങൾക്കു വിധേയമായാണ് പ്രവർത്തിക്കുന്നത്.